മദ്യലഹരിയില്‍ കൊലപാതകം: ഇര്‍ഷാദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

news image
Aug 1, 2023, 3:08 am GMT+0000 payyolionline.in

മാവേലിക്കര: താമരക്കുളം ഇര്‍ഷാദ് കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മാവേലിക്കര അഡി. ജില്ലാ കോടതി ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. ഇര്‍ഷാദിന്റെ സുഹൃത്തായ പത്തനാപുരം തച്ചിക്കോട്ട് നായങ്കരിമ്പ് ശശി ഭവനത്തില്‍ പ്രമോദാണ് കേസിലെ പ്രതി. മദ്യലഹരിയില്‍ ഉറങ്ങിക്കിടന്ന ഇര്‍ഷാദിന്റെ തലയില്‍ അര കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന് ശേഷം നാടുവിട്ട പ്രമോദിനെ തമിഴ്‌നാട്ടില്‍ നിന്ന് എട്ടു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

2013 ജൂണ്‍ 27ന് രാത്രി ചാരുംമൂട് പേരൂര്‍ക്കാരാണ്മയില്‍ ഇര്‍ഷാദ് താമസിച്ചിരുന്ന വാടക വീട്ടിലാണ് കൊലപാതകം നടന്നത്. 26ന് ചാരുംമൂട്ടിലെത്തിയ പ്രമോദും ഇര്‍ഷാദും അന്ന് വാടക വീട്ടില്‍ താമസിച്ചു. 27ന് പ്രമോദ് കൊണ്ടുവന്ന മൊബൈല്‍ വിറ്റ് ബാറില്‍ പോയി ഇരുവരും മദ്യപിച്ചു. രാത്രിയോടെ വീട്ടില്‍ മടങ്ങിയെത്തിയ ശേഷം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ഉറങ്ങിക്കിടന്ന ഇര്‍ഷാദിനെ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന അര കല്ലെടുത്ത് പ്രമോദ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി തന്നെ കടന്നുകളയുകയും ചെയ്തെന്നാണ് കുറ്റപത്രം.

സംഭവം നടന്ന് മൂന്നാം ദിവസം വീട്ടുടമ പുരയിടത്തിലെത്തിയപ്പോള്‍ ദുര്‍ഗ്ഗന്ധം അനുഭവപ്പെട്ടതോടെയാണ് കൊലപാതകം വിവരം പുറത്തറിഞ്ഞത്. ബാറിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പത്തനാപുരം സ്വദേശി പ്രമോദാണ് ഇര്‍ഷാദിനൊപ്പം വാടക വീട്ടിലുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നിലും ഇയാളെന്നായിരുന്നു പൊലീസ് നിഗമനത്തിലെത്തിയത്. എന്നാല്‍ ആരുമായും ബന്ധപ്പെട്ടാതെ കഴിഞ്ഞിരുന്ന പ്രമോദിനെ കണ്ടെത്താന്‍ പൊലീസിനായില്ല. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പൊലീസിനെ കുഴക്കി.

സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പ്രമോദാണ് കൊലക്ക് പിന്നിലെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചതോടെ ഇയാള്‍ മുമ്പു ജോലി ചെയ്തിരുന്ന കണ്ണൂര്‍, കിളിമാനൂര്‍, ചടയമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ ക്വാറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് ഇയാളുടെ ഫോട്ടോ പതിച്ച നോട്ടീസുകള്‍ കേരളത്തിനകത്തും പുറത്തും പതിക്കുകയും ചെയ്തു. ഇതിനിടെ തമിഴ്നാട്ടിലുള്ള ബന്ധുവിനെ ചോദ്യം ചെയ്തതോടെ പ്രമോദ് ചെന്നൈയിലുള്ളതായി അറിഞ്ഞു. നാടു വിട്ട പ്രമോദ് തിരുപ്പൂരില്‍ ഉണ്ണി എന്ന പേരില്‍ ഒളിവില്‍ കഴിഞ്ഞുവരവെ എട്ടുവര്‍ഷത്തിനുശേഷം 2021 ജൂണ്‍ 29നാണ് പൊലീസിന്റെ പിടിയിലായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe