ദില്ലി: മണിപ്പൂരിൽ അനധികൃതമായി ആയുധം കൈവശം വച്ചിരിക്കുന്നവർ തിരികെ ഏൽപിക്കണെമെന്ന കർശന നിലപാടുമായി മണിപ്പൂർ സർക്കാർ. അനധികൃത ആയുധങ്ങൾ ഉപയോഗിച്ച് ചില സംഘങ്ങൾ കൊള്ളയടക്കം നടത്തുവെന്നും 15 ദിവസത്തിനുള്ളിൽ ആയുധങ്ങൾ കൈമാറിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ബീരേൻ സിങ് അറിയിച്ചു. നടപടിയുമായി ജനങ്ങൾ സഹകരിക്കണമെന്നും സർക്കാർ ആഭ്യർത്ഥിച്ചു. അതേസമയം മണിപ്പൂരിൽ കഴിഞ്ഞ ദിവസം അത്യാധുനിക ആയുധങ്ങളുമായി പിടിയിലായ അഞ്ച് മെയ്തെ യുവാക്കൾക്ക് ജാമ്യം ലഭിച്ചു. ഇംഫാലിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അൻപതിനായിരം രൂപ ജാമ്യതുക കെട്ടിവയ്ക്കണം. മണിപ്പൂരിന് പുറത്ത് കോടതിയുടെ അനുമതിയില്ലാതെ പോകാൻ പാടില്ല. അന്വേഷണവുമായി സഹകരിക്കണമെന്നത് അടക്കം ഉള്ള വ്യവസ്ഥകളിലാണ് ജാമ്യം അനുവധിച്ചത്.
നേരത്തെ പിടിയിലായ അഞ്ച് മെയ്തെ യുവാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെ സംഘടന നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനിടെയാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്. അതേസമയം കലാപത്തിനിടെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട രണ്ട് വനിതകളുടെ മൃതദേഹം വിട്ടു കിട്ടാൻ നടപടി വേണമെന്ന് കുക്കി വിഭാഗം സുപ്രിം കോടതിയിൽ ആവശ്യപ്പെട്ടു. ഇംഫാലിലുള്ള ഇവരുടെ മൃതദേഹം കുടുംബങ്ങൾക്ക് വിട്ടനൽകണമെന്നാണ് ആവശ്യം. കലാപവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിൻ്റെ വിവരം കിട്ടുന്നില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.