ന്യൂഡൽഹി: മണിപ്പൂരിലെ അഞ്ച് ജില്ലകളിലെ കർഫ്യൂ പിൻവലിച്ചു. 12 ജില്ലകളിൽ കർഫ്യൂവിന് ഇളവ് നൽകുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. സംസ്ഥാനത്തെ നില മെച്ചപ്പെട്ടതായി സർക്കാർ അറിയിച്ചു. നാലു ദിവസമാണ് അമിത് ഷാ സംസ്ഥാനത്തുണ്ടായിരുന്നത്.
കൈവശമുള്ള ആയുധങ്ങൾ അധികൃതർക്ക് വിട്ടുകൊടുക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിത് ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ആയുധങ്ങൾക്കായി തെരച്ചിൽ നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി. തുടർന്ന് 140 ആയുധങ്ങൾ കൈമാറിയതായി പൊലീസ് അറിയിച്ചു. എ.കെ 47, ഇൻസാസ് റൈഫിളുകൾ, കണ്ണീർ വാതകം, ഗ്രനേഡ് ലോഞ്ചർ എന്നിവ ഇതിൽ പെടും. കലാപം പൊട്ടിപ്പുറപ്പെട്ടയുടൻ 2000ത്തോളം ആയുധങ്ങൾ വിവിധ പൊലീസ് സ്റേറഷനുകളിൽ നിന്നായി കൊള്ളയടിച്ചിരുന്നു.
മേയ് മൂന്നിനാണ് മണിപ്പൂരിൽ വംശീയ അക്രമം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. 115 ഗോത്ര ഗ്രാമങ്ങൾക്ക് തീയിട്ടു. 4000 വീടുകൾ കത്തിച്ചാമ്പലായി. 75 ഗോത്രവർഗക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. 50ലേറെ പേരുടെ മരണം കണക്കിൽപ്പെട്ടിട്ടില്ല. 225 ചർച്ചുകളാണ് കത്തിച്ചത്. ചർച്ചുമായി ബന്ധപ്പെട്ട 75 അനുബന്ധ കെട്ടിടങ്ങളും ചാമ്പലായി.
അമിത് ഷാ മണിപ്പൂരിൽ വന്ന ശേഷമാണ് കാംഗ്പോക്പി ജില്ലയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ‘ആരംഭായ് തെങ്കോൽ’, ‘മെയ്തേയി ലീപുൻ’ എന്നീ സായുധസംഘങ്ങൾ 585 വീടുകൾ അഗ്നിക്കിരയാക്കിയത് എന്നതും ശ്രദ്ധേയമാണ്. മണിപ്പൂരിലെ ബി.ജെ.പി സർക്കാർ കുകികളുടെ ഗോത്രമേഖലയിൽ ‘കോമ്പിങ് ഓപറേഷൻ’ തുടങ്ങിയ ശേഷമാണ് മെയ്തേയി തീവ്രവാദികൾ മണിപ്പൂർ റൈഫിൾസ്, ഐ.ആർ.ബി, മണിപ്പൂർ പൊലീസ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിൽനിന്ന് ആയുധങ്ങൾ കവർച്ച ചെയ്തത്.