മണപ്പുറം തട്ടിപ്പ് കേസ്; മുഖ്യപ്രതി ധന്യ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

news image
Jul 26, 2024, 2:46 pm GMT+0000 payyolionline.in

തൃശ്ശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഇരുപത് കൊല്ലത്തെ വിശ്വാസം മുതലെടുത്താണ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ധന്യാ മോഹന്‍ 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിന്‍റെ സിസ്റ്റം നിയന്ത്രണം മുഴുവന്‍ ധന്യാ മോഹന്‍റെ കൈയ്യിലായിരുന്നു. ധന്യയുടെയും മറ്റ് നാലു കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്ക് അഞ്ചു കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് പണം ഒഴുകിയത്.

കൈയ്യിലെത്തിയ പണം ഉപയോഗിച്ചത് ആഢംബരത്തിനും ധൂര്‍ത്തിനുമാണ്. വലപ്പാട് സ്ഥലം വാങ്ങി വീടുവച്ചിരുന്നു. കാര്‍ പാര്‍ക്കുചെയ്യാനും മറ്റും അഞ്ചു സെന്‍റ് സ്ഥലം കൂടി ഈ അടുത്ത് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവർക്കുള്ളത്. ഓണ്‍ലൈന്‍ റമ്മിയില്‍ നടത്തിയ രണ്ടു കോടിയുടെ ഇടപാടിന് ആദായ നികുതി വകുപ്പ് കണക്കു ചോദിച്ചെത്തിയെങ്കിലും മറുപടി നല്‍കിയില്ല. ഇത് കമ്പനിയിലറിഞ്ഞതോടെയാണ് കള്ളികളോരോന്നായി പുറത്തായത്.

കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ പോയ ധന്യക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തട്ടിപ്പു പണം ഉപയോഗിച്ച് ധന്യ വാങ്ങിയ വലപ്പാട്ടേതുള്‍പ്പടെയുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടാനും നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച കമ്പനിയുടെ ആപ്ലിക്കേഷന്‍ ഹെഡ് സുശീല്‍ പരാതി പൊലീസിന് നല്‍കിയതിന് പിന്നാലെ ധന്യ വീടു പൂട്ടി കടന്നു കളയുകയായിരുന്നു. വലപ്പാട് പൊലീസ് പൂട്ടുതകര്‍ത്ത് പരിശോധന നടത്തിയിരുന്നു. കുടുംബാംഗങ്ങളുടെ അറിവോടെ നടത്തിയ ആസൂത്രിത തട്ടിപ്പെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതിനിടെയാണ് ധന്യ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe