മകന് ജ്യൂസിൽ സോഡിയം നൈട്രേറ്റ് കലര്‍ത്തി കൊന്നു; അച്ഛൻ അറസ്റ്റിൽ

news image
Feb 2, 2024, 3:50 pm GMT+0000 payyolionline.in

പൂനെ: 14 വയസുകാരനെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ചെന്നെത്തിയത് സ്വന്തം അച്ഛന്റെ തന്നെ അറസ്റ്റിൽ. സ്കൂളിൽ നിന്നടക്കം മകനെ കുറിച്ച് നിരന്തരം പരാതികള്‍ വന്നതാണ് കടുംകൈയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് അച്ഛൻ മൊഴി നൽകുകയും ചെയ്തു. ദേഷ്യം കാരണം മകന് സോഡിയം നൈട്രേറ്റ് കലര്‍ത്തിയ പാനീയം കൊടുത്ത് കൊന്നുവെന്നും ഇയാള്‍ സമ്മതിച്ചു.

വിജയ് ബട്ടു എന്ന 43 വയസുകാരനാണ് മഹാരാഷ്ട്രയിലെ സോലാപൂരിൽ  അറസ്റ്റിലായത്. മകനെക്കുറിച്ച് സ്കൂളിൽ നിന്ന് എപ്പോഴും പരാതികളായിരുന്നു എന്ന് ഇയാൾ പറഞ്ഞു. ഇതിന് പുറമെ ഫോണിൽ അശ്ലീല വീഡിയോകള്‍ കാണുകയും പഠനത്തിൽ യാതൊരു താത്പര്യവും കാണിക്കാതിരിക്കുകയും സഹോദരിയുമായി എപ്പോഴും വഴക്കുണ്ടാക്കുകയും ചെയ്തതോടെ വീട്ടിലെ സമാധാനം കളഞ്ഞുവെന്നാണ് അജയ് മൊഴിനൽകിയതെന്ന് കേസ് അന്വേഷിച്ച പൊലീസ് ഇൻസ്പെക്ടർ അജയ് ജഗ്തപ് പറഞ്ഞു.

ജനുവരി 13ന് വിജയും ഭാര്യ കീർത്തിയും മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. പിന്നാലെ നടന്ന അന്വേഷണത്തിൽ പരിസരത്തെ ഒരു റോഡരികിൽ നിന്ന് മൃതദേഹം കണ്ടെത്തി. ഇതോടെ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാൽ ആദ്യം മുതൽ തന്നെ പൊലീസ് ചില ദുരൂഹതകള്‍ സംശയിച്ചു തുടങ്ങി. വിജയുടെ പെരുമാറ്റം തന്നെയായിരുന്നു സംശയം തോന്നാൻ പ്രധാന കാരണം.

അന്വേഷണം മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസിന്റെ സംശയവും അജയിയെ ചുറ്റിപ്പറ്റിയായി. തുടർന്ന് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. മകന് സോഡിയം നൈട്രേറ്റ് കലര്‍ത്തിയ ഡ്രിങ്ക് കൊടുത്ത് കൊന്നുവെന്നും തുട‍ർന്ന് മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചുവെന്നും മൊഴി നൽകുകയായിരുന്നു. പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe