ബെംഗളൂരുവിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് നേഴ്സറി വിദ്യാർത്ഥിനി വീണു

news image
Jan 24, 2024, 1:42 pm GMT+0000 payyolionline.in

ബെം​ഗളൂരു: ബെംഗളൂരു ചെല്ലക്കരയിൽ സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി വിദ്യാർത്ഥിനിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍ ജിജോ(4)യാണ് സ്വകാര്യസ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു സാരമായി പരിക്കേറ്റ കുട്ടി ജീവന്‍ നിലനിര്‍ത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡൽഹി പബ്ലിക് സ്കൂളിലെ നേഴ്സറി വിദ്യാർത്ഥിനിയാണ് ജിയന്ന.

സംഭവത്തിൽ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ വിമർശനവുമായി ജിയന്ന ആന്‍ ജിജോയുടെ കുടുംബം രം​ഗത്തെത്തി. സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്നാണ് കുടുംബം ഉന്നയിക്കുന്ന സംശയം. കെട്ടിടത്തിന് മുകളിൽ നിന്ന് കുട്ടി വീണിട്ടും അടുത്തുള്ള ക്ലിനിക്കിൽ മാത്രമാണ് കുട്ടിയെ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും വീട്ടുകാർ ഇടപെട്ട് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില വഷളായെന്നും കുടുംബം പറയുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില വഷളായി തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe