ന്യൂഡല്‍ഹി: കോഴിക്കോട്-മൈസൂര്‍ ദേശീയപാത കടന്നുപോകുന്ന ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രി സര്‍വിസ് നടത്തുന്ന ബസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ നിലപാട് അറിയിക്കാൻ കേന്ദ്രത്തിനും കേരള, കര്‍ണാടക സര്‍ക്കാറുകൾക്കും സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് നിലപാട് തേടിയത്.
നിലവിൽ സംസ്ഥാന സര്‍ക്കാറുകളുടെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ക്ക് രാത്രി സര്‍വിസിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍, കേരളം ഈ വാദം ചോദ്യം ചെയ്തു. ഇരു സംസ്ഥാനങ്ങളിലെയും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകൾ ആകെ 10 സര്‍വിസുകളേ നടത്തുന്നുള്ളൂവെന്നും രാത്രിയാത്ര നിരോധനം പൂര്‍ണമായും എടുത്തുകളയണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും ബോധിപ്പിച്ചു.
അതേസമയം, ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന നിര്‍ദിഷ്ട നിലമ്പൂര്‍-നഞ്ചൻഗോഡ് റെയില്‍വേ പാതയുടെ സര്‍വേ നടപടികള്‍ പൂർത്തിയാക്കി ആറാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകി. സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.