പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ്‌ അറസ്റ്റിൽ

news image
Feb 21, 2024, 4:08 pm GMT+0000 payyolionline.in

തിരുവനന്തപുരം > കൃത്യമായ ചികിത്സ ലഭിക്കാതെ വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവ്‌ അറസ്റ്റിൽ. നേമം കാരയ്‌ക്കാമണ്ഡപത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന നയാസി(40)നെയാണ്‌ നേമം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. നരഹത്യയ്‌ക്കും ഗർഭിണിയായ ഭാര്യയ്‌ക്ക്‌ മതിയായ ചികിത്സ കൊടുക്കുന്നതിൽ വീഴ്‌ച വരുത്തിയതിനുമാണ്‌ ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്‌. കോടതിയിൽ ഹാജരാക്കിയ നയാസിനെ റിമാൻഡ്‌ ചെയ്‌തു.

ചൊവ്വ വൈകിട്ട് മൂന്നോടെയാണ് ഇവർക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഈ സമയം ഭർത്താവ് നയാസും ഇയാളുടെ ആദ്യ ഭാര്യയും മകളുമാണ് ഒപ്പമുണ്ടായിരുന്നത്. പ്രസവത്തിനിടെ ചലനം നഷ്ടമായതോടെ ആംബുലൻസിൽ വൈകിട്ട് 5.45ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ പ്രവേശിച്ചപ്പോൾതന്നെ അമ്മയും കുഞ്ഞും മരിച്ചതായി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ പോകാതെയുള്ള അക്യുപങ്ചർ ചികിത്സാരീതിയാണ് ​ഗർഭകാലത്ത് ഇവർ ചെയ്തിരുന്നത്

ഷെമീറയുടെ ആദ്യ മൂന്ന്‌ പ്രസവവും സിസേറിയൻ ആയിരുന്നു. ഈ പ്രസവവും സിസേറിയൻ നടത്തണമെന്ന ആശാ പ്രവർത്തകരുടെ മുന്നറിയിപ്പ്‌ അവഗണിച്ചാണ്‌ വീട്ടിൽ പ്രസവം നടത്താൻ തീരുമാനിച്ചത്‌. കമ്യൂണിറ്റി പൊലീസ്‌ നിർബന്ധിച്ചിട്ടും ആശുപത്രിയിലെത്തിക്കാൻ നയാസ്‌ സമ്മതിച്ചില്ലെന്ന്‌ പൊലീസ്‌ പറയുന്നു. നയാസിനെ അക്യുപങ്‌ച്വർ ചികിത്സയ്‌ക്ക്‌ നിർബന്ധിച്ച്‌ ആരെന്ന അന്വേഷണവും പൊലീസ്‌ നടത്തുന്നുണ്ട്‌.

ഇവർ താമസിച്ച വീട് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe