പൊലീസിന്റെ മോശം പെരുമാറ്റം: ഇനിയും സർക്കുലർ ഇറക്കേണ്ടി വരരുതെന്ന് ഹൈക്കോടതി

news image
Feb 2, 2024, 11:15 am GMT+0000 payyolionline.in

കൊച്ചി ∙ പൊതുജനങ്ങളോടു മാന്യമായി പെരുമാറണമെന്നു കാണിച്ച്  പൊലീസിൽ ഇനിയൊരു സർക്കുലർ ഇറക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നു ഹൈക്കോടതി. ജനുവരി 30ന് ഇറക്കിയ സർക്കുലർ നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

പുതിയ സർക്കുലർ കോടതിയിൽ ഹാജരാക്കിയപ്പോഴാണു പ്രതികരണം. പല തവണ പറഞ്ഞിട്ടും പൊലീസിന്റെ മോശം പെരുമാറ്റം ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്നും, ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ജഡ്ജിമാരാണ് ഇങ്ങനെ പെരുമാറുന്നതെങ്കിൽ ഇംപീച്ച്മെന്റ് നേരിടേണ്ടി വരില്ലേ എന്നും കോടതി ചോദിച്ചു. പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താൻ 1965 മുതൽ ഇന്നോളം 10 സർക്കുലർ ഇറങ്ങി. എന്നിട്ടും മോശം പെരുമാറ്റം ആവർത്തിക്കുന്നതിൽ നിന്ന്, സർക്കുലറുകളൊന്നും ഉദ്യോഗസ്ഥർ ഗൗനിക്കുന്നില്ലെന്നു വ്യക്തമാണ്. ഉദ്യോഗസ്ഥർക്കു ജനങ്ങളോട് ഉത്തരവാദിത്തം വേണമെന്നു ചൂണ്ടിക്കാട്ടിയ കോടതി  ഇനി ഇത്തരം പെരുമാറ്റം വച്ചുപൊറുപ്പിക്കില്ലെന്ന് താക്കീത് ചെയ്തു.

പൊലീസ് സേനയെ ശുദ്ധീകരിക്കാനുള്ള പ്രയത്നത്തിലാണെന്നും പരിശീലനം നൽകുന്നുണ്ടെന്നും ഓൺലൈനിൽ ഹാജരായ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് അറിയിച്ചു. കേരള പൊലീസ് രാജ്യത്തെ തന്നെ മികച്ച സേനയാണെങ്കിലും ചിലരുടെ നടപടിദൂഷ്യം സേനയ്ക്കാകെ ദുഷ്പേര് ഉണ്ടാക്കുന്നതായി കോടതി പറഞ്ഞു. ചിലരെങ്കിലും ധാർഷ്ട്യത്തോടെ പെരുമാറുന്നത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. മാനസിക സമ്മർദവും പ്രകോപനവുമാകാം കാരണമെന്നു പൊലീസ് മേധാവി പറഞ്ഞു.

അപകടത്തിൽപെട്ട വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി ആലത്തൂർ സ്റ്റേഷനിൽ എത്തിയ അഡ്വ. അക്വിബ് സുഹൈലിനെ എസ്ഐ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്ന പശ്ചാത്തലത്തിലാണു കോടതി സ്വമേധയാ ഇടപെട്ടു വിശദീകരണം തേടിയത്.

കോടതി നിർദേശപ്രകാരം എസ്ഐ വി. ആർ. റിനീഷ്, എസ്എച്ച്ഒ ടി. എൻ. ഉണ്ണിക്കൃഷ്ണൻ എന്നിവർ ഹാജരായി. എസ്ഐ റിനീഷ് നിരുപാധികം മാപ്പപേക്ഷിച്ചു. ടി.എൻ. ഉണ്ണിക്കൃഷ്ണൻ ആ സമയത്തു സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്ന് അറിയിച്ചു. എസ്ഐയെ സ്ഥലംമാറ്റി, താക്കീത് ചെയ്തു, വകുപ്പു തല അന്വേഷണം നടക്കുകയാണെന്നു പൊലീസ് മേധാവി വിശദീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe