പൊറോട്ട നൽകാൻ വൈകിയതിന്‌ സംഘർഷം; ഏറ്റുമാനൂരിൽ ആറ്‌ പേർ അറസ്റ്റിൽ

news image
Jun 1, 2023, 10:17 am GMT+0000 payyolionline.in

ഏറ്റുമാനൂർ > തട്ടുകടയിൽ പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിന്റെ പേരിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തെള്ളകം പടിഞ്ഞാപ്രത്ത് ജിതിൻ ജോസഫ്(28), എസ്എച്ച്‌ മൗണ്ട് ഭാഗത്ത് കണിയാംപറമ്പിൽ വിഷ്‌ണു(25), പെരുമ്പായിക്കാട് കണിയാംപറമ്പിൽ കെ ആർ സഞ്ജു(30), ഇയാളുടെ സഹോദരനായ കെ ആർ കണ്ണൻ(33), പാറമ്പുഴ മാമ്മുട് വട്ടമുകൾ കോളനിയിൽ മഹേഷ്‌(28), പെരുമ്പായിക്കാട് മരങ്ങാട്ടിൽ നിധിൻ(28) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഇവർ സംഘംചേർന്ന് 28ന്‌ രാത്രി 9.20ന്‌ കാരിത്താസ് ജങ്‌ഷനിലെ തട്ടുകടയിലെത്തി ഉടമയെയും ജീവനക്കാരെയും ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് ഒരുമണിക്കൂർ മുമ്പ്‌ യുവാക്കളിൽ രണ്ടുപേർ തട്ടുകടയിൽ എത്തി പൊറോട്ട ഓർഡർ ചെയ്തപ്പോൾ 10 മിനിറ്റ് താമസമുണ്ട് എന്ന് കടയുടമ പറഞ്ഞതിനെ തുടർന്ന് ഇവർ കടയുടമയെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തി അവിടെനിന്ന് പോവുകയായിരുന്നു.

അതിനുശേഷമാണ് സംഘം ചേർന്ന് തിരിച്ചെത്തി ആക്രമിച്ചത്‌. തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരെയും മർദ്ദിക്കുകയും ഹെൽമെറ്റ് കൊണ്ടും ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിക്കുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആറുപേരെയും വിവിധ സ്ഥലങ്ങളിൽനിന്നാണ്‌ പിടികൂടിയത്‌. പ്രതികളിൽ ഒരാളായ ജിതിൻ ജോസഫിന് ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ മഹേഷിന് ഗാന്ധിനഗർ സ്റ്റേഷനിൽ മയക്കുമരുന്ന്‌ കേസും അടിപിടി കേസും നിലവിലുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe