കോട്ടയം: സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ നിന്നും ബോധപൂർവം ഒഴിവാക്കുന്നുവെന്ന് കാണിച്ച് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ നിയമസഭാ സ്പീക്കർക്ക് അവകാശ ലംഘന പരാതി നൽകി. പാമ്പാടി ഉപജില്ലാ കലോത്സവത്തിന് സ്ഥലം എം.എൽ.എയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. മുഖ്യമന്ത്രിക്കും ചാണ്ടി ഉമ്മൻ പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുമ്പും പരാതി നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പ്രതികരിച്ചു.
താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. കോട്ടയത്ത് പരിപാടികളിൽ സ്ഥിരമായി രണ്ട് മന്ത്രിമാരുണ്ടാകും. നവ കേരള സദസിൽ എം.എൽ.എ അധ്യക്ഷനായിരുന്നു. എന്നാൽ രണ്ട് മന്ത്രിമാരുണ്ടാകുമ്പോൾ താൻ അധ്യക്ഷനാകണ്ടേ. മന്ത്രിമാരോട് ഇക്കാര്യത്തിൽ പരാതിപ്പെട്ടിരുന്നു. ഉപജില്ലാ കലോത്സവത്തിന്റെ രക്ഷാധികാരി താനാണ്. എന്നാൽ പരിപാടി തന്നെ അറിയിച്ചില്ല. ഫോൺ വിളിച്ച് കിട്ടിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പരിപാടി തന്നെ അറിയിക്കാൻ ഒരു കത്ത് നൽകിയാൽ പോരേയെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.
സർക്കാർ പരിപാടികളിൽ ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളിൽ പങ്കെടുത്തു കൊണ്ട് എം.എൽ.എ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം മണർകാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ക്ഷണിക്കാത്തതിന്റെ പ്രതിഷേധം ചാണ്ടി ഉമ്മൻ വേദിയിലെത്തി പ്രകടമാക്കി. ഉപജില്ലാ കലോത്സവം മന്ത്രി വി.എൻ. വാസവനും ഭിന്നശേഷി കലോത്സവം സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജുമാണ് ഉദ്ഘാടനം ചെയ്തത്.