കോട്ടയം∙ പുതുപ്പള്ളിയിൽ ഇടതു സ്ഥാനാർഥിയാകുമെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ. ഈ ആവശ്യവുമായി ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മത്സരിച്ചത് ഉമ്മൻ ചാണ്ടിയുടെ നിർബന്ധത്താലാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ആളാണ് നിബു ജോൺ.
‘‘അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇത്തരത്തിൽ ഒരു വാർത്ത കാണുന്നത്. വാർത്ത വന്ന് ഒരു മണിക്കൂറിനുള്ളിൽ സിപിഎം നേതൃത്വം തന്നെ അത് നിഷേധിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പാർട്ടിയുമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഞാൻ വരുന്നതു തന്നെ ഉമ്മൻ ചാണ്ടി നിർബന്ധിച്ചതു കൊണ്ടാണ്’’– നിബു ജോൺ പറഞ്ഞു.
ആരു സ്ഥാനാർഥിയായാലും ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും ചാണ്ടി ഉമ്മനായി മുഴവൻസമയ പ്രചാരണത്തിനു രംഗത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചാണ്ടി ഉമ്മനെതിരെ മത്സരിക്കാൻ സിപിഎം നിബു ജോണിനെ സമീപിച്ചെന്ന തരത്തിൽ വാർത്തകൾ ഇന്നലെ പുറത്തുവന്നിരുന്നു.