പീച്ചി ഡാം രാത്രി അനുവദിച്ചതിലും അധികമായി തുറന്ന് വെള്ളം പുറത്തേക്ക് വിട്ടു, വെള്ളക്കെട്ട്; അന്വേഷണത്തിന് ഉത്തരവിട്ടു

news image
Jul 31, 2024, 5:35 pm GMT+0000 payyolionline.in

തൃശ്ശൂര്‍: പീച്ചി ഡാം അനുവദിച്ചതിലും അധികമായി തുറന്ന് രാത്രിയിൽ വെള്ളം പുറത്തേക്ക് ഒഴുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴയുണ്ടായിരുന്നു. ഡാമിലെ ജലനിരപ്പ് ഇതേ തുടര്‍ന്ന് ഉയര്‍ന്നിരുന്നു. ജൂലൈ 29ന് പരമാവധി 12 ഇഞ്ച് (30 സെ.മീ. മാത്രം) ഷട്ട‍ തുറക്കുന്നതിന് അനുമതി നല്‍കിയിരുന്നു.

എന്നാല്‍, രാത്രി സമയത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്ററില്‍ നിന്ന് 180 സെ.മീ. വരെ ഉയര്‍ത്തുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് മണലിപ്പുഴയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തില്‍ ഡാമില്‍ നിന്ന് തുറന്നു വിടേണ്ട ജലത്തിന്റെ അളവ് മൂന്‍കൂട്ടി കണക്കാക്കി ഡാം മാനേജ്‌മെൻ്റില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തൃശൂര്‍ സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്കിനെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe