തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്. ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് പാർട്ടി നേതൃത്വത്തിൽ നിന്നുള്ള നിരന്തര അവഗണന കാരണമാണെന്നും പ്രവർത്തകസമിതയിൽ ക്ഷണിതാവാകാൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തക സമിതിയിലേക്ക് സർവീസ് ബ്രേക്ക് പറഞ്ഞ് ചിലർ വെട്ടിയെന്നും എന്നാൽ തന്റെ ബ്രേക്കിനോളം സർവീസില്ലാത്തവരാണ് പ്രവർത്തക സമിതിയിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചാലും താൻ മന്ത്രിയാകില്ല. അപ്പോഴും തഴയാൻ ന്യായീകരണങ്ങളുണ്ടാകും. ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റും. പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താഞ്ഞത് മനപ്പൂര്‍വമാണ്. മികച്ച വിജയമുണ്ടായത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തേക്കാളുപരി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് ദുരനുഭവങ്ങള്‍ ഏറെയുണ്ടായതുകൊണ്ടാണ്. അടുത്ത തവണ യുഡിഎഫിന് ഭരണം ലഭിക്കുമെന്നത് ഉറപ്പുള്ള കാര്യമാണ്. എന്നാലിപ്പോൾ പടവെട്ടാനുള്ള സാഹചര്യമല്ല എന്നതുകൊണ്ടാണ് പലകാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.