പരശുറാം എക്സ്പ്രസിൽനിന്ന് മൂവാറ്റുപുഴയാറ്റിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിയാനായില്ല

news image
Aug 13, 2023, 9:40 am GMT+0000 payyolionline.in

വൈക്കം ∙ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്യുമ്പോൾ മൂവാറ്റുപുഴയാറ്റിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി. അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 40–45 വയസ് പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈക്കം സർക്കാർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാലത്തിലായിരുന്നു സംഭവം. മംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന പരശുറാം എക്സ്പ്രസിൽനിന്ന് ഏകദേശം 40നും 45നും ഇടയിൽ പ്രായം തോന്നിക്കുന്ന ആൾ ആറ്റിൽ വീണതായി റെയിൽവേ അധികൃതർ അറിയിക്കുകയായിരുന്നു.

വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന എത്തി രാത്രി 7.30 വരെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. അടിയൊഴുക്ക് കൂടുതലാണെന്ന് സേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

വൈക്കം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാർ, കടുത്തുരുത്തി സ്റ്റേഷൻ ഓഫിസർ കലേഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയൻ, സ്കൂബ ടീം അംഗങ്ങളായ എച്ച്.ഹരീഷ്, മുജീബ്, ജോബിൻ കെ.ജോൺ എന്നിവരടങ്ങിയ സംഘമാണ് തിരച്ചിൽ നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe