പത്തനംതിട്ട ∙ പത്തനംതിട്ട–കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ച സ്വകാര്യ ഇന്റർസ്റ്റേറ്റ് ബസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കെഎസ്ആർടിസി പരാതി നൽകിയതിനു തൊട്ടുപിന്നാലേ പരിശോധനയുമായി മോട്ടർ വാഹന വകുപ്പ്. ഇന്റർസ്റ്റേറ്റ് സൂപ്പർ എക്സ്പ്രസ് എന്ന ബോർഡ് വച്ചു അനധികൃതമായി സർവീസ് നടത്തുകയാണെന്നും ബസ് സർവീസ് തടയണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി പരാതി നൽകിയിരുന്നത്. ബസ് കോൺട്രാക് കാര്യേജ് കളർകോഡ് പാലിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
എന്നാൽ ഇന്നു രാവിലെ ബസ് റാന്നിയിൽ എത്തിയപ്പോൾ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞു പരിശോധിച്ചെങ്കിലും പെർമിറ്റ് സംബന്ധമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വിൻഡ് ഷീൽഡ് പൊട്ടി, എയർ ലീക്കേജ്, ടയറിനു തേയ്മാനം, വയറിങ് പ്രശ്നം തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി. സെപ്റ്റംബർ 15ന് മുൻപു ഇവ പരിഹരിച്ചു ആർടിഒയ്ക്കു മുന്നിൽ പരിശോധനയ്ക്ക് ഹാജരാക്കാണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സർവീസ് നിയമാനുസൃതമാണെന്ന് ബസുടമ മേലുകാവ് സ്വദേശി ഗിരീഷ് പറഞ്ഞു. ഒാൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് കേരളത്തിൽ നിന്നുള്ള ബെംഗളൂരു, ചെന്നൈ സർവീസ് മാതൃകയിലാണ് ഒാപ്പറേറ്റ് ചെയ്യുന്നതെന്നും സർവീസ് നിയമപരമാണെന്നും ഇന്റർസ്റ്റേറ്റ് ബസ് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.ജെ. റിജാസ് പറഞ്ഞു. നിയമത്തിൽ ബോർഡ് വയ്ക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല. ഒരോ മൂന്നു മാസം കൂടുമ്പോഴും 3 ലക്ഷം രൂപയോളം സർക്കാരിനു നികുതി ഇനത്തിൽ അടയ്ക്കുന്ന ഇന്റർ സ്റ്റേറ്റ് ബസുകളെ പ്രോൽസാഹിപ്പിക്കുകയാണു വേണ്ടതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇതിൽ 2 ലക്ഷം രൂപയോളം സംസ്ഥാന സർക്കാരിനും ബാക്കി കേന്ദ്രസർക്കാരിലേക്കുമാണു പോകുന്നത്. റോബിൻ മോട്ടോഴ്സാണു പത്തനംതിട്ട–കോയമ്പത്തൂർ സർവീസ് ആരംഭിച്ചിരിക്കുന്നത്.
140 കിലോമീറ്ററിൽ കൂടുതലുള്ള സർവീസുകളെല്ലാം കെഎസ്ആർടിസിക്കു വേണ്ടി നിർത്തലാക്കിയതോടെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഒാടിച്ചിരുന്നവർക്കു മുന്നിൽ ജീവിക്കാൻ മറ്റു വഴികളില്ലെന്നു ബസുടമകൾ പറയുന്നു. കെഎസ്ആർടിസിക്കു വിവിധ ഡിപ്പോകളിൽ നിന്നു കോയമ്പത്തൂർ സർവീസുകളുണ്ട്. എ വൺ ട്രാവൽസ് എന്ന സ്വകാര്യ ഒാപ്പറേറ്ററും വർഷങ്ങളായി പത്തനംതിട്ട–കോയമ്പത്തൂർ രാത്രികാല സർവീസ് നടത്തുന്നുണ്ട്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് വ്യവസ്ഥകളിൽ പെർമിറ്റ് രാജ് അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ മേയ് ഒന്നിന് മാറ്റം കൊണ്ടുവന്നിരുന്നു. ഇത് പ്രയോജനപ്പെടുത്തി കൂടുതൽ സ്വകാര്യ ബസുകൾ ദീർഘദൂര സർവീസുകൾ ആരംഭിക്കാൻ സാധ്യതയുണ്ട്, യാത്രക്കാരെ സംബന്ധിച്ചു കൃത്യസമയത്ത് സർവീസ് നടത്തുന്ന വൃത്തിയുള്ള മികച്ച ബസുകൾ ലഭിക്കുമെന്നതാണു മെച്ചം.