കൊച്ചി: നൈജീരിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ ബുധൻ ഉച്ചയ്ക്ക് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ തുറമുഖത്തെത്തും. ഇന്ത്യൻ സമയം പകൽ 1.30ഓടെ കേപ്ടൗണിലെത്തുമെന്നാണ് കമ്പനി അധികൃതർ കപ്പലിലുള്ള മലയാളികളുടെ ബന്ധുക്കളെ അറിയിച്ചത്.
കപ്പലിലെ വാട്ടർമാൻ എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, ചീഫ് ഓഫീസർ കടവന്ത്രയിൽ താമസിക്കുന്ന സുൽത്താൻ ബത്തേരി സ്വദേശി സനു ജോസ്, കൊല്ലം സ്വദേശി വി വിജിത് എന്നിവരടക്കം 26 ജീവനക്കാരാണ് കപ്പലിലുള്ളത്.
കപ്പൽ ജീവനക്കാരുടെ വൈദ്യപരിശോധന ബുധനാഴ്ച നടത്തുമെന്ന് കമ്പനി അറിയിച്ചതായി മിൽട്ടൺ ഡിക്കോത്ത പറഞ്ഞു. ആർക്കും നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകൾ നൽകിയിട്ടില്ല. കേപ്ടൗണിലെ ഹോട്ടലിലാണ് എല്ലാവർക്കും ബുധനാഴ്ച താമസമൊരുക്കിയത്. പകുതി കപ്പൽ ജീവനക്കാരെ വ്യാഴാഴ്ചയും ബാക്കിയുള്ളവരെ വെള്ളിയാഴ്ചയുമായി വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മിൽട്ടൺ പറഞ്ഞു.