ദില്ലി: നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്കി. നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് ചര്‍ച്ചയാകുന്നത്. ഇതില്‍ അട്ടിമറിയുണ്ടെന്നാണ് പരാതി. 47 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്നും ഇതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് ആരോപണം. പരാതികളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷിക്കും. അതേസമയം, ഒന്നാം റാങ്കുകളില്‍ വിശദീകരണവുമായി എന്‍ടിഎ രംഗത്തെത്തി. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎയുടെ വിശദീകരണം.
ലോക്സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്റെ അന്ന് വൈകിട്ടാണ് നീറ്റ് പരീക്ഷാ ഫലം വന്നത്. കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും അടക്കം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത് .67 പേര്‍ക്കും 720ല്‍ 720ഉം നേടി ഒന്നാം റാങ്ക് നേടുന്നത് അസാധാരണ സംഭവമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കഴിഞ്ഞ തവണ ഒന്നാം റാങ്ക് ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്.ഒരേ സെന്ററില്‍ പരീക്ഷ എഴുതിയവര്‍ക്ക് ഉള്‍പ്പെടെ ഒന്നാം റാങ്കുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ അട്ടിമറി നടന്നുവെന്നാരോപിച്ച് 100ലധികം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്.