കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെയുള്ള സ്കൂളുകൾക്ക് നാളെ (ജൂലൈ 19 വെള്ളി) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളും പിഎസ്‍സി പരീക്ഷകളും നടക്കും. കളക്ടർ അവധി തീരുമാനം പ്രിൻസിപ്പൽമാർക്ക് വിട്ടു കൊടുത്തതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നാളത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി തീരുമാനം പ്രിൻസിപ്പൽമാർക്ക് നൽകിയതിൽ അധ്യാപകർക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
ഇതോടെ നാളെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കനത്ത മഴയെ തുടർന്ന് അവധി നൽകിയിരിക്കുന്നത്. കണ്ണൂർ, വയനാട്, പാലക്കാട്എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള സ്കൂളുകൾക്കും മാത്രം അവധിയാണ്. ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്ക്, ചിന്നക്കനാൽ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.