തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും രഞ്ജിത്തിനെതിരെ അന്വേഷണം നടത്തണമെന്നും കെ പി സി സി പ്രസിഡണ്ട് ആവശ്യപ്പെട്ടു. ആരോപണ വിധേയർ പിണറായി സർക്കാറിന്റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നുവെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
മന്ത്രിയും എം എൽ എയും ചലച്ചിത്രക്കാദമി ചെയർമാനുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിയതെന്നും റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വെട്ടി മാറ്റിയതിലുടക്കം ഇവർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സർക്കാറിന്റെ ദുരൂഹമായ ഇടപെടലിനു പിന്നിൽ കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്നും കെ പി സി സി പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.