കണ്ണൂർ: എ.ഡി.എമ്മിന്റെ മരണത്തിന് കാരണമായ അധിക്ഷേപ പ്രസംഗം നടത്തിയതിന് ആത്മഹത്യ പ്രേരണ കേസ് ചുമത്തിയ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ അറസ്റ്റ് വൈകും. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്ന ശേഷമേ മൊഴിയെടുക്കലും അറസ്റ്റും ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ദിവ്യയെ ഒഴിവാക്കി മറ്റുള്ളവരുടെ മൊഴിയെടുക്കലുമായി മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
എ.ഡി.എമ്മിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തവരുടെ മൊഴിയെടുക്കൽ പോലും പൂർത്തിയായില്ല. കേസിലെ സാക്ഷികൾ കൂടിയായ കലക്ടർ, ഡെപ്യൂട്ടി കലക്ടർമാർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയില്ല. മൊഴി നൽകിയ എല്ലാവരും ഒരേ കാര്യങ്ങളാണ് അന്വേഷണ സംഘത്തെ ധരിപ്പിച്ചത്. സംഘാടകർ പോലും ദിവ്യയെ ക്ഷണിച്ചില്ലെന്നിരിക്കെ കലക്ടർ വിളിച്ചിട്ട് പോയെന്ന ദിവ്യയുടെ വാദം നിലനിൽക്കുമോ എന്നതും സംശയമാണ്.
അതിനിടെ, ദിവ്യ യോഗത്തിൽ പറഞ്ഞതിനു വിരുദ്ധമായ കാര്യങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞതെന്നതാണ് ആശ്ചര്യകരം. വഴിയേ പോകുമ്പോഴാണ് യാത്രയയപ്പ് വിവരമറിഞ്ഞ് കലക്ടറേറ്റിൽ കയറിയതെന്നാണ് യോഗത്തിൽ പറഞ്ഞത്. ഇതിന്റെ വിഡിയോ ദൃശ്യവും ലഭ്യമാണ്. എന്നാൽ, ഇതിനു വിരുദ്ധമായി കലക്ടർ ക്ഷണിച്ചിട്ടാണ് യോഗത്തിൽ വന്നതെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ സത്യവാങ്മൂലം നൽകിയത്.