തൃശൂരിനെ ഇളക്കിമറിച്ച് നരേന്ദ്ര മോദി; വരവേറ്റ് ആയിരങ്ങൾ, വൻ സ്ത്രീപങ്കാളിത്തം

news image
Jan 3, 2024, 11:03 am GMT+0000 payyolionline.in

തൃശൂർ ∙ ബിജെപി നടത്തുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നും തുറന്ന ജീപ്പിൽ മോദിയുടെ റോഡ് ഷോ നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവരാണ് മോദിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്. പുഷ്പവൃഷ്ടിയോടെ പ്രവർത്തകർ മോദിയെ സ്വീകരിച്ചു. വാഹനത്തിലൂടെ അൽപ്പദൂരം സഞ്ചരിച്ചശേഷം അദ്ദേഹം പ്രത്യേകം തയാറാക്കിയ വഴിയിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് നടന്നു. ആയിരക്കണക്കിന് വനിതാ പ്രവർത്തകരാണ് പരിപാടിയിൽ അണിനിരന്നിരിക്കുന്നത്.കാശിവിശ്വനാഥന്റെ മണ്ണിൽ നിന്നാണ് മോദി വടക്കും നാഥന്റെ മണ്ണിലേക്ക് എത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇതുപോലെ സ്ത്രീകൾക്ക് വേണ്ടി ശബ്ദിച്ചിട്ടുള്ള, ഇടപെടൽ നടത്തിയ, പ്രവർത്തിച്ചിട്ടുള്ള ഒരേ ഒരു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എല്ലാ മേഖലയിലെയും സ്ത്രീകളെ മോദി കൈപിടിച്ച് ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഗത്തിയിൽ നിന്നു പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തി. തുടർന്ന് റോഡ് മാർഗം തൃശൂരിലെത്തി.

റോഡ് മാർഗം ജില്ലാ ജനറൽ ആശുപത്രിക്കു സമീപമെത്തിയ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ ബിജെപി നേതാക്കൾ സ്വരാജ് റൗണ്ടിൽ വരവേറ്റു. ജനറൽ ആശുപത്രി പരിസരത്തു നിന്നു തുടങ്ങുന്ന റോ‍ഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും.  ക്ഷേമപെൻഷൻ ലഭിക്കാൻ പിച്ചച്ചട്ടിയെടുത്തു സമരം നടത്തിയ മറിയക്കുട്ടി, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, നടി ശോഭന, സാമൂഹിക പ്രവർത്തക ഉമ പ്രേമൻ, വ്യവസായി ബീന കണ്ണൻ, പത്മശ്രീ ജേതാവ് ഡോ. ശോശാമ്മ ഐപ്പ് തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവഡേക്കർ, രാധ മോഹൻ അഗർവാൾ, എ.പി.അബ്ദുല്ലക്കുട്ടി, ടോം വടക്കൻ, അനിൽ ആന്റണി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിക്കും. സുരേഷ് ഗോപിയുടെ സാന്നിധ്യം രാഷ്ട്രീയ ശ്രദ്ധ നേടും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തൃശൂർ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) നിയന്ത്രണത്തിലുള്ള സമ്മേളനനഗരിയും പരിസരവും സായുധ സേനാംഗങ്ങളുടെ കാവലിലാണ്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവയും വേദിക്കു സമീപം നിലയ‍ുറപ്പിച്ചിട്ടുണ്ട്. മൂവായിരത്തോളം പൊലീസ് സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

മൂവായിരത്തോളം പൊലീസ് സേനാംഗങ്ങളെയാണു സുരക്ഷാ ചുമതലകൾക്കു വേണ്ടി നഗരത്തിൽ വിന്യസിച്ചിട്ടുള്ളത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ, ഉത്തരമേഖല ഐജി കെ. സേതുരാമൻ, റേഞ്ച് ഐജി എസ്. അജിതാ ബീഗം തുടങ്ങിയവർ നഗരത്തിൽ ക്യാംപ് ചെയ്തു മേൽനോട്ടം വഹിക്കുന്നുണ്ട്.

മുഴുവൻ പൊലീസ് സേനാംഗങ്ങൾക്കും കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് അക്കാദമിയിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ സംബന്ധിച്ചു വിശദമായ നിർദേശം നൽകി. അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിൽ ആയിരത്തോളം വനിതാ പൊലീസ് ഉദ്യോഗസ്ഥർ തേക്കിൻകാട് വലയം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe