തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനും കെഎസ്യുവിനും പിറകെ തിരുവനന്തപുരത്ത് കോൺഗ്രസിന്റെ അക്രമസമരം. ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകർ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,രമേശ് ചെന്നിത്തല, എം എം ഹസ്സൻ,കെ മുരളീധരൻ, ശശി തരൂർ എം പി തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കൾ നയിച്ച മാർച്ചിലാണ് പ്രവർത്തകർ കലാപശ്രമം നടത്തിയത്. വടിവാളും കമ്പും കല്ലുമായാണ് അക്രമികർ പൊലീസിനെ എതിരിട്ടത്.
നേതാക്കൾ പ്രസംഗം തുടരുന്നതിനിടെ പൊലീസിന് നേരെ പ്രവർത്തകർ കല്ലും പലകയും വലിച്ചെറിയുകയായിരുന്നു. നവകേരള സദസിന്റെ ബോർഡുകൾ തകർത്തു. ഇതേതുടർന്ന് പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും ഉപയോഗിച്ചു. സംഭവത്തിനു പിന്നാലെ മുതിർന്ന നേതാക്കൾ വേദി വിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരൻ , എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, ജെബി മേത്തർ എം പി എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.
ഒരുമാസത്തിലേറെനീണ്ട നവകേരള സദസ്സ് ശനിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് കോൺഗ്രസ് വൻ അക്രമം അഴിച്ചുവിടുന്നത്. നവകേരള സദസ്സിനും മുഖ്യമന്ത്രിക്കും എതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെയെന്ന് പറഞ്ഞാണ് കോൺഗ്രസ് ഡിജിപി ഓഫീസ് സംഘടിപ്പിച്ചത്.