കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ സംഭവ സ്ഥലത്തു നിന്ന് ശേഖരിച്ച വിരലടയാളങ്ങളിൽ നാലെണ്ണം കസ്റ്റഡിയിലുള്ള പ്രതിയുടെതാണെന്ന് തിരിച്ചറിഞ്ഞു. 10 വിരലടയാളങ്ങളാണ് ശേഖരിച്ചത്. അതിൽ നാലെണ്ണം കസ്റ്റഡിയിലുള്ള കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്ഗർ എന്നയാളുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രെയിനിന് തീപിടിക്കുന്നത് തൊട്ടുമുമ്പ് ഇയാൾ സമീപത്തുണ്ടായിരുന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇയാളെ കണ്ടതായി ബി.പി.എസ്.എല് സുരക്ഷ ജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്. ഇതോടെ ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
രണ്ടുമാസം മുമ്പ് സ്റ്റേഷന് പരിസരത്തെ കുറ്റിക്കാടിന് തീയിട്ട സംഭവത്തിനു പിന്നിലും ഇയാളായിരുന്നു. അന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിട്ടയക്കുകയായിരുന്നു. എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതിൽ ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാൻ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാൽ മാത്രമാകും കൂടുതൽ നടപടി ഉണ്ടാകുക. സംഭവത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സുരക്ഷ പരിശോധനയും അന്വേഷണവും ഇന്നും ഉണ്ടാകും.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ട്രെയിനിന്റെ ബോഗിക്ക് തീയിട്ടത്. ബുധനാഴ്ച രാത്രി 11ഓടെ കണ്ണൂരിൽ യാത്ര അവസാനിപ്പിച്ച ശേഷം മൂന്നാം പ്ലാറ്റ്ഫോമിന് സമീപം എട്ടാം യാർഡിൽ നിർത്തിയിട്ട ട്രെയിനിന്റെ പിന്നിൽനിന്ന് മൂന്നാമത്തെ ജനറൽ കോച്ചിനാണ് തീയിട്ടത്. മറ്റു കോച്ചുകൾ പെട്ടെന്ന് വേർപെടുത്തിയതിനാൽ തീപടരുന്നത് തടയാനായി. പുലർച്ചെ രണ്ടരയോടെ തീയണച്ചു. ട്രെയിനിന്റെ ശുചിമുറിയുടെ ചില്ലുകൾ തകർത്ത നിലയിലാണ്. ക്ലോസറ്റിൽനിന്ന് വലിയ കല്ല് കണ്ടെത്തിയിരുന്നു.