ടിഗ് നിധി പ്രവൈറ്റ് ലിമിറ്റഡ് തട്ടിപ്പ്; ടി.സിദ്ദിഖിന്റെ ഭാര്യ പ്രതി; പ്രതികരണവുമായി ടി സിദ്ധീഖ് എംഎൽഎ

news image
Jan 19, 2024, 4:47 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായ ടിഗ് നിധി പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയ കോടികളുടെ തട്ടിപ്പിൽ കൽപ്പറ്റ എംഎൽഎ ടി.സിദ്ദിഖിന്റെ ഭാര്യയും പ്രതി. നടക്കാവ് പൊലീസാണ് ഷറഫുനീസക്കെതിരെ കേസെടുത്തത്. നിക്ഷേപകരില്‍ നിന്ന് 20 കോടിയോളം രൂപ ധനകാര്യ സ്ഥാപനം തട്ടിയെടുത്തെന്നാണ് പരാതി. അതേസമയം, കമ്പനി ഉടമകള്‍ക്കായും പൊലീസ് അന്വേഷണം തുടരുകയാണ്.

കോഴിക്കോട് ചക്കോരത്തുകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് ടിഗ് നിധി ലിമിറ്റഡ്. സിസി ബാങ്ക് എന്ന പേരിലായിരുന്നു ഓഫീസുകള്‍ തുറന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി തുടങ്ങിയ വിവിധ ശാഖകള്‍ വഴി മൂവായിരത്തോളം പേരില്‍ നിന്നായി 20 കോടിയോളം രൂപ സ്ഥാപനം ചുരുങ്ങിയ കാലത്തിനിടെ സമാഹരിച്ചു. സ്ഥിര നിക്ഷേപത്തിന്‍മേല്‍ 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തും ആകര്‍ഷകമായ വ്യവസ്ഥകളോടെ നിത്യ നിക്ഷേപം സ്വീകരിച്ചുമായിരുന്നു ധനസമാഹരണം. കടലുണ്ടി സ്വദേശിയുമായ വസീം തൊണ്ടിക്കോടന്‍ ഭാര്യ റാഹില ബാനു, ഫിറോസ് എന്നിവരായിരുന്നു കമ്പനിയുടെ പ്രധാന ചുമതലക്കാര്‍. ഒരാഴ്ചയായി സ്ഥാപനം തുറക്കാതെ വന്നതോടെയാണ് ജീവനക്കാരും നിക്ഷേപകരും പരാതിയുമായി രംഗത്തെത്തിയത്.

കല്‍പ്പറ്റ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി സിദ്ദീഖിന്‍റെ ഭാര്യ ഷറഫുന്നീസ കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു. സിദ്ദീഖ് ഉള്‍പ്പെടെ പല കോണ്‍ഗ്രസ് നേതാക്കളുമായും വസീമിന് അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും തന്‍റെ ഉന്നത ബന്ധങ്ങളുള്‍പ്പെടെ പറഞ്ഞാണ് വസിം നിക്ഷേപം സമാഹരിച്ചിരുന്നതെന്നും ജീവനക്കാര്‍ പറയുന്നു.

എന്നാല്‍, തന്‍റെ ഭാര്യ ഏതാനും മാസം മാത്രമാണ് സ്ഥാപനത്തില്‍ ജോലി ചെയ്തതെന്നും മാനേജ്മെന്‍റുമായുമായി ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജി വയ്ക്കുകയായിരുന്നെന്നുമാണ് സിദ്ദീഖിന്‍റെ പ്രതികരണം. നിക്ഷേപകരുടെയും ജീവനക്കാരുടെയും പരാതിയില്‍ നടക്കാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. സ്ഥാപനത്തിന്‍റെ ഹെഡ് ഓഫീസിലും പൂട്ടിക്കിടക്കുന്ന ശാഖകളിലും വരുന്ന ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe