ജമ്മു: ജമ്മു കശ്മീരിലെ സുൻജ്വാൻ സൈനിക കേന്ദ്രത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്. വെടിവെപ്പിൽ സൈനിക ഉദ്യോഗസ്ഥന് പരിക്കേറ്റു. സൈനിക കേന്ദ്രത്തിന് പുറത്താണ് ഭീകരർ വെടിയുതിർത്തതെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.വെടിവെപ്പ് നടത്തിയ ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഊർജിതമാക്കി.2018 ഫെബ്രുവരിയിലും സുൻജ്വാൻ സൈനിക കേന്ദ്രത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ആറു സൈനികർ വീരമൃത്യു വരിക്കുകയും മൂന്നു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു. ആക്രമണത്തിൽ ഒരു സിവിലിയനും കൊലപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച ജമ്മു കശ്മീരിലെ മച്ചൽ, തങ്ധർ സെക്ടറിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഈ വർഷം കുപ് വാര ജില്ലയിൽ നടത്തുന്ന ആറാമത്തെ ഓപറേഷനായിരുന്നു ഇത്. വിദേശ നുഴഞ്ഞുകയറ്റക്കാർ അടക്കം 10 ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്.ജമ്മു കശ്മീരിൽ മൂന്ന് ഘട്ടങ്ങളായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിലാണ് വോട്ടെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.