പ്രായമാകുന്നതിനനുസരിച്ച് മുഖത്തും പ്രായക്കൂടുതല്‍ തോന്നാം. മുപ്പത് കഴിഞ്ഞാല്‍ ചര്‍മ്മത്തില്‍ ചുളിവുകളും വളയങ്ങളും വന്നുതുടങ്ങാം. പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അതുപോലെ തന്നെ വെള്ളം ധാരാളം കുടിക്കുക.
ഇത്തരത്തില്‍ ചര്‍മ്മത്തില്‍ ചുളിവുകളും മറ്റും കുറയ്ക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പാനീയത്തെ പരിചയപ്പെടുത്തുകയാണ് ഡയറ്റീഷ്യനായ മന്‍പ്രീത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇവര്‍ ഈ സ്പെഷ്യല്‍ പാനീയം തയ്യാറാക്കുന്നതിനെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഈ പാനീയം തയ്യാറാക്കാനായി വേണ്ടത് നാരങ്ങ, വെള്ളരിക്ക, ചിയ വിത്തുകള്‍, പുതിനയില, ഇഞ്ചി, ഏലയ്ക്ക എന്നിവയാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ കൊളാജിന്‍ ഉല്പാദനം കൂട്ടാനും ചർമ്മം തൂങ്ങാതിരിക്കാനും ചര്‍മ്മത്തിലെ പാടുകളെ കുറയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്ക കൊളാജിന്‍ ഉല്പാദനം കൂട്ടാനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയ വിത്തുകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില, ഇഞ്ചി, ഏലയ്ക്ക തുടങ്ങിയവയും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഈ പാനീയം തയ്യാറാക്കേണ്ട വിധം: ഒരു ലിറ്റര്‍ വെള്ളത്തില്‍ അരിഞ്ഞുവച്ച കുറച്ച് വെള്ളരിക്ക, നാരങ്ങ എന്നിവ ഇടുക. ശേഷം ഇതിലേയ്ക്ക് പുതിനയില, ഇഞ്ചി, ഏലയ്ക്ക, ചിയ വിത്തുകള്‍ എന്നിവ ചേര്‍ത്ത് നന്നായി കുലുക്കാം. കുറച്ച് സമയത്തിന് ശേഷം ഈ പാനീയം കുടിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ നിങ്ങളുടെ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാകും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.