ന്യൂഡൽഹി: ലൈംഗികാതിക്രമത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ ഇടപെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐ.ഒ.സി) ഗുസ്തി താരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിങ്ങും (യു.ഡബ്ല്യു.ഡബ്ല്യു). ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിലുള്ള താരങ്ങൾ, മെഡലുകൾ ഗംഗയിലേക്കെറിയുന്നതുൾപ്പെടെ കടുത്ത തീരുമാനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര സംഘടനകൾ സമരത്തിൽ പ്രതികരണവുമായെത്തിയത്.
ഗുസ്തി താരങ്ങളുടെ സമരത്തെ നേരിട്ട രീതിയും പൊലീസ് നടത്തിയ അതിക്രമവും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വക്താവ് പ്രതികരിച്ചു. താരങ്ങളുടെ ആരോപണത്തിൽ മുൻവിധികളില്ലാത്ത അന്വേഷണം നടത്തണം. താരങ്ങളുടെ സുരക്ഷക്ക് ഏറ്റവും പരിഗണന നൽകണം. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണം. താരങ്ങളെ സംരക്ഷിക്കണമെന്ന് പി.ടി. ഉഷയുടെ അധ്യക്ഷതയിലുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ഐ.ഒ.സി നിർദേശിക്കുകയും ചെയ്തു.
ഒളിമ്പ്യന്മാർ ഉൾപ്പെടെ മെഡലുകൾ ഗംഗയിലെറിയാൻ തീരുമാനിച്ച പ്രതിഷേധം അന്താരാഷ്ട്ര ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഒളിമ്പിക് കമ്മിറ്റിയുടെ ഇടപെടൽ. സമരത്തിന്റെ മുൻനിരയിലുള്ള താരങ്ങളായ സാക്ഷി മാലിക് 2016ലെ ഒളിമ്പിക് വെങ്കലമെഡൽ ജേതാവാണ്. ബജ്രംഗ് പൂനിയ 2021 ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവുമാണ്. ഒളിമ്പിക് കമ്മിറ്റിയുടെ വാർഷിക യോഗത്തിന് ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനാലും 2036ലെ ഒളിമ്പിക്സിനുള്ള വേദിയായി ഗുജറാത്തിനെ നിർദേശിക്കുന്നതിനാലും താരങ്ങളുടെ സമരത്തിൽ ഐ.ഒ.സിയുടെ ഇടപെടൽ നിർണായകമാണ്.
ഗുസ്തി താരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്ലിങ്ങും സമരം ചെയ്യുന്നവർക്ക് പിന്തുണയുമായെത്തി. സമരക്കാരെ നേരിട്ട രീതിയും പൊലീസ് അറസ്റ്റ് ചെയ്തതും ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് യു.ഡബ്ല്യു.ഡബ്ല്യു പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ സാഹചര്യത്തെ ഏറെ ആശങ്കയോടെയാണ് കാണുന്നത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ ആരോപണത്തിൽ നിഷ്പക്ഷ അന്വേഷണം വേണം -സംഘടന പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ നിർദേശിച്ച സമയത്തിനുള്ളിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ അംഗീകാരം പിൻവലിക്കുമെന്നും യു.ഡബ്ല്യു.ഡബ്ല്യു മുന്നറിയിപ്പ് നൽകി.
സർക്കാറിൽനിന്ന് നീതി ലഭിക്കാത്തതിനാൽ, വിയര്പ്പൊഴുക്കി നേടിയ മെഡലുകള്ക്ക് വിലയില്ലാതായെന്നും അവ ഗംഗയിൽ ഒഴുക്കിക്കളയുകയാണെന്നും പ്രഖ്യാപിച്ചായിരുന്നു ഒളിമ്പിക് താരങ്ങളടക്കമുള്ള പ്രക്ഷോഭകർ ചൊവ്വാഴ്ച വൈകീട്ട് ഹരിദ്വാറിൽ ഗംഗാതീരത്ത് എത്തിയത്. ബന്ധുക്കളും താരങ്ങളെ പിന്തുണക്കുന്ന നൂറുകണക്കിന് ആളുകളും ദേശീയ പതാകയുമേന്തി അവർക്കൊപ്പം ചേർന്നു. മെഡലുകൾ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞതിന് ശേഷം ഗംഗയിൽ ഒഴുക്കാൻ ഒരുങ്ങവെ ഭാരതീയ കിസാൻ യൂനിയൻ നേതാവ് നരേഷ് ടികായത്തിന്റെ നേതൃത്വത്തിൽ കർഷക നേതാക്കൾ എത്തി മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് തടയുകയായിരുന്നു. പ്രശ്നപരിഹാരത്തിന് അഞ്ചു ദിവസത്തെ സമയം നൽകണമെന്ന് കർഷക നേതാക്കളുടെ അഭ്യർഥന താരങ്ങൾ അംഗീകരിച്ചതോടെയാണ് രണ്ടു മണിക്കൂർ നീണ്ട വൈകാരിക രംഗങ്ങൾക്ക് താൽക്കാലിക ശമനം ഉണ്ടായത്. താരങ്ങളുമായി സംസാരിച്ച നരേഷ് ടികായത്ത് മെഡലുകൾ ഏറ്റുവാങ്ങി. അഞ്ചു ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ തിരികെ എത്തുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്തി താരങ്ങൾ മടങ്ങിയത്.