കർണാടകത്തിന്റെ കേന്ദ്രവിരുദ്ധ സമരം; കേരളത്തിലെ കോൺഗ്രസിനുള്ള മറുപടി: എം എ ബേബി

news image
Feb 3, 2024, 3:26 pm GMT+0000 payyolionline.in

കണ്ണൂർ> കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാർ കേന്ദ്രവിരുദ്ധ സമരം നയിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ്‌ പുലർത്തുന്ന പിന്തിരിപ്പൻ നിലപാട്‌ ജനം തിരിച്ചറിയുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. ബിജെപിയിതര പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നതിനെതിരെയാണ്‌ കേരളവും കർണാടകവും സമരംചെയ്യുന്നത്‌. രാഷ്‌ട്രീയദേഭമില്ലാതെ അവകാശം നേടിയെടുക്കാനുള്ള സമരത്തിൽപോലും സങ്കുചിത നിലപാടാണ്‌ കേരളത്തിലെ കോൺഗ്രസ്‌ സ്വീകരിക്കുന്നത്‌. കെഎസ്‌ടിഎ 33-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവാധ്യാപക സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബേബി.

രാജ്യം ഫാസിസ്‌റ്റ്‌ ഭരണസംവിധാനത്തിലേക്ക്‌ നീങ്ങുകയാണ്‌. ഗവർണറെ ഉപയോഗിച്ച്‌  കേരളത്തിൽ ബിജെപി നടത്തുന്ന ആഭാസനാടകങ്ങൾ ഗവർണർ പദവിയെ അപമാനിക്കലും ചട്ടലംഘനവുമാണ്‌. മോദിയും അമിത്‌ഷായും മോഹൻ ഭാഗവതും ചേർന്ന്‌ നടത്തുന്ന ജനാധിപത്യവിരുദ്ധ സംവിധാനമാണ്‌ രാജ്യം ഭരിക്കുന്നത്‌.  വിദ്യാഭ്യാസ, സാംസ്‌കാരിക  മേഖലകളിൽ കടന്നുകയറിയാണ്‌ ആർഎസ്‌എസ്‌  രാജ്യത്ത്‌ ഹിന്ദുത്വ വർഗീയ അജൻഡ നടപ്പാക്കാൻ ആസൂത്രിത നീക്കം നടത്തുന്നത്‌. വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ നേരിടാൻ അധ്യാപക സമൂഹത്തിനാകണമെന്നും എം എ ബേബി പറഞ്ഞു.

കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഗമത്തിൽ ജില്ലയിലെ നിരവധി മുൻകാല അധ്യാപകരും നേതാക്കളും ഒത്തുചേർന്നു. കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, പ്രസിഡന്റ്‌ ഡി സുധീഷ്, എസ്ടിഎഫ്ഐ ദേശീയ പ്രസിഡന്റ്‌ കെ സി ഹരികൃഷ്ണൻ, കെ ബാലകൃഷ്ണൻ നമ്പ്യാർ, എ കെ ചന്ദ്രൻ, ഇ വിജയൻ, എ കെ ഉണ്ണികൃഷ്ണൻ, എ കെ ബീന, കെ സി മഹേഷ്‌, കെ സി സുധീർ, ടി രജില, കെ രഞ്ജിത്ത്, കെ സി സുനിൽ, കെ പ്രകാശൻ, കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ഏഴു മുതൽ 10 വരെ കണ്ണൂർ നായനാർ അക്കാദമിയിലാണ്  സംസ്ഥാന സമ്മേളനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe