ക്രിസ്മസിന് റേഷൻ വിതരണം മുടങ്ങും; കിറ്റ് വിതരണത്തിലെ കമ്മീഷന്‍ കുടിശ്ശിക തന്നെ, പ്രതിഷേധവുമായി വ്യാപാരികൾ

news image
Dec 8, 2023, 4:36 am GMT+0000 payyolionline.in

കോഴിക്കോട്: റേഷൻ വ്യാപാരികളുടെ കമ്മീഷന്‍ വിതരണം കുടിശ്ശികയായതോടെ ക്രിസമ്സ് കാലത്ത് റേഷന്‍ കടകള്‍ വഴിയുള്ള അരി വിതരണം മുടങ്ങും. പണം ലഭിക്കാതെ അരിയും ആട്ടയും വാങ്ങി വിതരണം ചെയ്യില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്. നവകേരളാ സദസ്സിലുള്‍പ്പെടെ റേഷന്‍ കടയുടമകള്‍ പരാതി നല്‍കിയിട്ടും കമ്മീഷന്‍ കൃത്യമായി നല്‍കുന്ന കാര്യത്തില്‍ നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. പണം സമയത്തിന് കിട്ടിയില്ലെങ്കിൽ വ്യാപാരികൾ ദുരിതത്തിലാകുമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി മുഹമ്മദലി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കിറ്റ് വിതരണം ചെയ്തതിലെ കമ്മീഷന്‍ തുക കുടിശ്ശികയായതില്‍ റേഷന്‍ കടയുടമകള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് പുറമേ റേഷന്‍ വിതരണം ചെയ്തതില്‍ ഒക്ടോബര്‍, നവംബര്‍ മാസത്തിലെ കമ്മീഷനും കിട്ടിയിട്ടില്ല. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് റേഷന്‍ കടയുടമകള്‍ കടക്കുന്നത്. ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളില്‍ മുന്‍കൂര്‍ പണമടച്ചാല്‍ മാത്രമേ അരിയും ആട്ടയുമുള്‍പ്പെടെ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കൂ. കമ്മീഷന്‍ കിട്ടാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ പണമടക്കാന്‍ നിവൃത്തിയില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്.

ഇതോടെ മുന്‍ഗണനാ വിഭാഗമായ നീല,വെള്ള കാര്‍ഡുടമകളുടെ അരിയും മഞ്ഞ പിങ്ക് കാര്‍ഡുടമകളുടെ ആട്ടയും ക്രിസ്മസ് കാലത്ത് മുടങ്ങുന്ന സ്ഥിതി വരും. പണം ഉടന്‍ നല്‍കുകയോ ഭക്ഷ്യധാന്യമെടുക്കുന്നതിന് ക്രെഡിറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുകയോ വേണമെന്നതാണ് റേഷന്‍ കടയുടമകളുടെ ആവശ്യം. വേതന കുടിശ്ശിക വരുത്തുന്നതിനെതിരെ നവകേരളാ സദസ്സിലുള്‍പ്പെടെ പരാതി നല്‍കിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് റേഷന് കടയുടമകളുടെ സംഘടനകള്‍ കത്ത് നല്‍കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe