കൊച്ചി വിമാനത്താവളത്തില്‍ കാസര്‍കോഡ് സ്വദേശിയെത്തിയത് അര കിലോയിലധികം സ്വര്‍ണവുമായി; പരിശോധനയില്‍ കുടുങ്ങി

news image
Dec 21, 2023, 4:32 am GMT+0000 payyolionline.in

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 530 ഗ്രാം സ്വര്‍ണവുമായി കാസര്‍കോഡ് സ്വദേശി മഹ്മൂദ് ആണ് കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 30 ലക്ഷം രൂപ വില മതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കരിപ്പൂർ വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു. 25 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണവുമായെത്തിയ ആളെയാണ് കരിപ്പൂരില്‍ കസ്റ്റംസ് പിടികൂടിയത്. കരിപ്പൂർ സ്വദേശി സിദ്ധിക്ക് വിളക്കകത്താണു സ്വർണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. സോളാർ ലൈറ്റിലും കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. 399 ഗ്രാം സ്വർണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

സിദ്ധിഖിന്‍റെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലുണ്ടായിരുന്ന ഇലക്ട്രോണിക് വസ്തുക്കൾ കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും കരിപ്പൂരിൽ സ്വർണ്ണം പിടികൂടിയിരുന്നു.  കസ്റ്റംസും പൊലീസും ഡിആർഐയും ചേർന്ന് വ്യത്യസ്ത കേസുകളിലായി രണ്ട് കോടി രൂപയുടെ സ്വർണമാണ് രണ്ടുദിവസത്തിനിടെ പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ച ഒരു സ്ത്രീ ഉൾപ്പടെ നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വർണ്ണവുമായി ഒരാൾ പിടിയിലാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe