കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് അഭിഭാഷകൻ സൈബി ജോസ് പണം വാങ്ങിയെന്ന കേസിൽ അന്തിമ റിപ്പോർട്ട് നവംബർ 10 ന് നൽകുമെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ. കേസുമായി ബന്ധപ്പെട്ട ചില സാക്ഷികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്നും ഫോറൻസിക് രേഖകളുടെ പരിശോധന പൂർത്തിയായി വരുന്നതായും കോടതിയെ അറിയിച്ചു. ഹർജി ഈമാസം 13 ന് കോടതി വീണ്ടും പരിഗണിക്കും. കേസിൽ അനുകൂല വിധി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് ലക്ഷങ്ങൾ കോഴവാങ്ങിയെന്ന ഹൈക്കോടതി വിജിലൻസ് റിപ്പോട്ടിന്‍റെയും പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.