കാലവർഷം ഇന്നെത്തും, കേരളത്തിൽ 7 ദിവസം ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യത; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

news image
May 30, 2024, 3:38 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കൊച്ചിയിൽ രാത്രി മഴ വിട്ട് നിന്നത് ആശ്വാസമായി. കളമശ്ശേരിയിലും തൃക്കാക്കരയിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ചെറിയ അളവിൽ കുറഞ്ഞ് വരികയാണ്. തുടർച്ചയായി രണ്ട് ദിവസം വെള്ളം കയറിയ മൂലേപ്പാടം,വി ആർ തങ്കപ്പൻ റോഡിലാണ് രൂക്ഷമായ പ്രതിസന്ധി. വെള്ളം ഇറങ്ങി വീടു വൃത്തിയാക്കി മണിക്കൂറിനുള്ളിലാണ് ഇന്നലെ വൈകിട്ടത്തെ മഴയിൽ വീണ്ടും നിരവധി വീടുകളിൽ വെള്ളം കയറിയത്. അശാസ്ത്രീയമായി നിർമ്മിച്ച കലുങ്കുകളും,തോടുകളുമാണ് സ്ഥിതി രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. ആദ്യദിവസം ഉണ്ടായത് ലഘുമേഘവിസ്ഫോടനമെങ്കിലും ഇന്നലത്തേത്ത് ഈ ഗണത്തിൽ പെടുന്നത് അല്ലെന്നാണ് വിലയിരുത്തൽ.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്
30-05-2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
31-05-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
01-06-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02-06-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

തെക്കൻ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe