കാത്തിരിപ്പുകൾക്ക് വിരാമം, വിഴിഞ്ഞത്ത് ആദ്യ കപ്പൽ, സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം 

news image
Jul 11, 2024, 3:49 am GMT+0000 payyolionline.in
തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് അവസാനം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു. ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തിയത്. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേറ്റു. ബർത്തിംഗ് നടപടികൾ പുരോഗമിക്കുകയാണ്. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയാണ്.

പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് ഇന്ന് നടന്നത്. ചരക്ക് കപ്പലെത്തി ട്രയൽ റൺ പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായെന്ന് പറയാം. സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട്, എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണ്ടാണ്ടോ കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്ക്കിന്റെ ഈ കപ്പലിന് ഒൻപത് വർഷം പഴക്കമുണ്ട്. മാർഷൽ ദ്വീപ് പതാകയേന്തിയ കപ്പൽ ജൂലൈ 2നാണ് സിയാമെനിൽ നിന്ന് പുറപ്പെട്ടത്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.

ബർത്തിംഗ് കഴിഞ്ഞാൽ ഇമിഗ്രേഷൻ, കസ്റ്റംഗ് ക്ലിയറൻസ്. പബ്ലിക്ക് ഹെൽത്ത് ഓഫീസർ നൽകുന്ന മെഡിക്കൽ ക്ലിയറൻസും വേണം. പിന്നാലെ കണ്ടെയ്നറുകൾ ഇറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റൻ ക്രെയ്നുകളാകും ചരക്ക് ഇറക്കുക.ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നുകളും 23 യാർഡ് ക്രെയ്നുകളുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാൻ കഴിയും. കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയ്ൻ ഉപയോഗിച്ച് കണ്ടെ്യനറുകൾ കപ്പിൽ നിന്ന് ഇറക്കും. കപ്പലിൽ നിന്ന് കണ്ടെയ്നുകൾ ടെർമിനൽ ട്രക്കുകളിലേക്ക് മാറ്റും. യാർഡ് ക്രെയ്നുകൾ ഉപയോഗിച്ച് കണ്ടെയ്നറുകൾ യാർഡിൽ അടുക്കിവയ്ക്കും. ഓരോ റൂട്ടിലേക്കുമുള്ള കണ്ടെയ്നുകൾ അതനുസരിച്ചാകും ക്രമീകരിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe