തിരുവനന്തപുരം : തിരുവനന്തപുരം കലാഭവൻ മണി റോഡ് പൊതുജനങ്ങൾക്കായി തുറന്നുനൽകി. റോസ് ഹൗസ് മുതൽ പനവിള ജങ്ഷൻ വരെയുള്ള റോഡിന്റെ അവസാനഘട്ട ടാറിങ് വെള്ളിയാഴ്‌ച പൂർത്തിയാക്കിയിരുന്നു. ചൊവ്വ വൈകിട്ട് അഞ്ചിന് മന്ത്രി പി എ മുഹമ്മദ് റിയാസ് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കും.
ബേക്കറി ജങ്ഷനിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുന്ന റോഡ് സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യാഥാർഥ്യമാക്കിയത്. വിമെൻസ് കോളേജ്, കോട്ടൺഹിൽ സ്‌കൂൾ തുടങ്ങിയയിടങ്ങളിൽനിന്ന് സെക്രട്ടറിയറ്റിലേക്കും തമ്പാനൂരിലേക്കുമുള്ള എളുപ്പവഴിയാണിത്.
പൊതുമരാമത്തിന് കീഴിലുള്ള കെആർഎഫ്ബിയുടെയും സ്‌മാർട്ട്സിറ്റിയുടെയും നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്. നേരത്തേ കരാറെടുത്ത സ്ഥാപനം അനാസ്ഥ കാണിച്ചതോടെ റോഡ് നിർമാണം വൈകിയിരുന്നു. നിർമാണം വേഗത്തിലാക്കാൻ കോർപറേഷനും തുടർന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും നേരിട്ട് ഇടപെട്ടിരുന്നു.