കരുവന്നൂർ ബാങ്ക്: കള്ളപ്പണം വെളുപ്പിച്ച കേസിൽ സി.പി.എം നേതാവ് ഇ.ഡി കസ്റ്റഡിയിൽ

news image
Sep 26, 2023, 10:16 am GMT+0000 payyolionline.in

വടക്കാഞ്ചേരി: കരുവന്നൂർ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സി.പി.എം നേതാവിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരി നഗരസഭ സി.പി.എം കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ അരവിന്ദാക്ഷനെയാണ് വടക്കാഞ്ചേരിയിലെ വീട്ടിൽ നിന്നും ഇ.ഡി കസ്റ്റഡിയിലെടുത്തത്. കള്ളപ്പണ കേസിൽ ഒരു സി.പി.എം നേതാവിനെ ഇ.ഡി കസ്റ്റഡിയിലെടുക്കുന്നത് ആദ്യമായാണ്.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് പി.ആർ അരവിന്ദാക്ഷൻ. സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ രേഖകളും സാമ്പത്തിക ഇടപാടുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അരവിന്ദാക്ഷനെ ഏഴു ദിവസത്തോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു.

സതീഷ് കുമാറിനൊപ്പം നിന്നിരുന്ന ജിജോറിന്‍റെ മൊഴിയും കേസിൽ നിർണായകമായി. കരുവന്നൂർ ബാങ്കിൽ നിന്ന് മൂന്ന് കോടിയോളം രൂപ സതീഷ് കുമാർ കൈപ്പറ്റിയത് അരവിന്ദാക്ഷൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു. പണം മൂന്നു ബാഗുകളിലായാണ് കൊണ്ടു പോയതായുള്ള മൊഴിയും ഇ.ഡിക്ക് ലഭിച്ചിരുന്നു.കള്ളപ്പണ കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന ആരോപണം ഉന്നയിച്ച് അരവിന്ദാക്ഷൻ രംഗത്തു വരുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഈ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് സതീഷ് കുമാർ, പി.പി കിരൺ എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe