കരുവന്നൂരിൽ നിയമവിരുദ്ധമായി ഒന്നിലും ഇടപെട്ടിട്ടില്ല: മന്ത്രി പി രാജീവ്

news image
Jan 15, 2024, 3:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: കരുവന്നൂരിൽ നിയമവിരുദ്ധമായ ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്. തെരെഞ്ഞെടുപ്പ് വരികയല്ലേ ഇനിയും പലതും വരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു. കെ ഫോണിൽ കെൽട്രോണിനെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിൻ്റെ ശ്രമം. എംടിയുടെയും എം മുകുന്ദന്റെയും വിമർശനങ്ങളിൽ ഞങ്ങളെ ബാധിക്കുന്നവയുണ്ടെങ്കിൽ ഉൾക്കൊള്ളുന്നു. വിമർശനം ഒരാളിൽ മാത്രം കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലാണ് ഇഡി പി രാജീവിനെ കൂടി ആരോപണ മുനമ്പിൽ നിർത്തി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറിന്റെ മൊഴിയാണ് മന്ത്രി പി രാജീവിനെതിരെയുള്ളത്. പി രാജീവ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെ നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നാണ് മൊഴി.

ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു, വിവിധ ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേരിലായിരുന്നു അക്കൗണ്ടുകൾ, ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നീ പേരിലായിരുന്നു പണം സൂക്ഷിച്ചിട്ടത്, ഇതിന് മാത്രമായി പ്രത്യേക മിനിറ്റ്സ് ബുക് ഉണ്ടായിരുന്നുവെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു. കോടികൾ രഹസ്യ അക്കൗണ്ടുകളിലൂടെ സിപിഎം നിക്ഷേപിച്ചുവെന്നും ആരോപണമുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുളള  സ്വകാര്യ ഹർജിയിലാണ് ഇഡിയുടെ മറുപടി സത്യവാങ്മൂലം. വെളിപ്പെടുത്താത്ത സ്വത്തും ഇടപാടുകളും സിപിഎമ്മിന് ബാങ്ക് വഴിയുണ്ടായിരുന്നുവെന്ന് ഇഡി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe