കോഴിക്കോട്: കുംട കടലിൽ കണ്ടെത്തിയ മൃതദേഹം അർജുൻ്റേതാകാൻ സാധ്യത കുറവെന്ന് കർണാടക പൊലീസ്. കടലിൽ മൃതദേഹം കണ്ടെന്ന മത്സ്യത്തൊഴിലാളികൾ നൽകിയ വിവരം മാത്രമേയുള്ളൂവെന്നും ഇതുവരെ ഒരു മൃതദേഹവും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. തെരച്ചിൽ നടത്തുന്നുണ്ടെന്ന് പറഞ്ഞ കുംട സിഐ, മൃതദേഹം മൂന്ന് ദിവസം മുൻപ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാമെന്നും പറഞ്ഞു.
ഗോകർണ ജില്ലയിൽ കുംട തീരത്തോട് ചേർന്ന് അകാനാശിനിപ്പുഴ കടലുമായി ചേരുന്ന അഴിമുഖം അകനാശിനി ബാടയോട് ചേർന്നാണ് അവസാനമായി മൃതദേഹം കണ്ടത്. ഈ സ്ഥലത്ത് പരിശോധന നടക്കുകയാണ്. മത്സ്യത്തൊഴിലാളി ബോട്ടുകളും ഫയർഫോഴ്സും അടക്കമുള്ളവരാണ് തിരച്ചിൽ നടത്തുന്നത്. കടലിൽ രണ്ടിടത്താണ് ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ധാരേശ്വറിലായിരുന്നു ആദ്യം മൃതദേഹം കണ്ടത്. പിന്നീടാണ് അഗനാശിനി അഴിമുഖത്തിന് അടുത്തും മൃതദേഹം കണ്ടെത്തിയത്. ഈ രണ്ട് സ്ഥലങ്ങൾ തമ്മിൽ അഞ്ച് കിലോമീറ്റർ അകലമുണ്ട്. ഗംഗാവലി പുഴ കടലിൽ ചേരുന്ന ഭാഗത്ത് നിന്ന് 35 കിലോമീറ്റർ ദൂരെയാണ് അകനാശിനി അഴിമുഖം. അതിനാൽ തന്നെ ഇത് അർജ്ജുൻ്റെ മൃതദേഹമായിരിക്കാൻ നേരിയ സാധ്യത മാത്രമേയുള്ളൂ.
മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് വ്യക്തമാക്കി. കുംട ഭാഗത്ത് പൊലീസിൻ്റ നേതൃത്വത്തിൽ കടലിൽ തെരച്ചിൽ നടത്തുകയാണ്. കടലിൽ ഒരു മൃതദേഹം കണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞ വിവരം മാത്രമേയുള്ളൂ. മൃതദേഹം കണ്ടെടുത്തതിനുശേഷം മാത്രമേ മറ്റു വിശദാംശങ്ങൾ ലഭ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റക്കാഴ്ചയിൽ സ്ഥിരീകരിക്കാൻ സാധിക്കാത്ത നിലയിൽ ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളതെന്നാണ് ഇക്കാര്യം സ്ഥിരീകരിച്ച് ഈശ്വർ മൽപെ പറഞ്ഞത്. കാലിൽ വല കുടുങ്ങിയ നിലയിൽ പുരുഷ മൃതദേഹമാണ് ലഭിച്ചതെന്നും കൈയ്യിൽ വളയുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞതായും ഈശ്വർ മൽപെ അറിയിച്ചിരുന്നു. മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വിവരം പിന്നീട് കരയിലേക്ക് കൈമാറിയെങ്കിലും ഇവർ മൃതദേഹം ബോട്ടിലേക്ക് മാറ്റിയില്ല. മരിച്ചത് ഒഡിഷ സ്വദേശിയായ മത്സ്യത്തൊഴിലാളിയാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.