പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ വിറ്റത് 27.63 കോടി രൂപയുടെ മദ്യം. ബെവ്കോയുടെ ഔട്ട്ലെറ്റ് വഴി 23.99 കോടി രൂപയുടെയും കൺസ്യുമർഫെഡ് ഔട്ട്ലെറ്റ് വഴി 3.63 രൂപയുടെയും വിൽപന നടന്നു. ആഗസ്റ്റ് 27, 28, 30 തീയതികളിൽ മാത്രമാണ് ഇത്രയധികം വിൽപന നടന്നത്. ഉത്രാട നാളിലാണ് ഏറ്റവും കൂടുതൽ വിറ്റുവരവ്. ബെവ്കോക്ക് ജില്ലയിൽ 21 ഔട്ട്െലറ്റാണുള്ളത്.
കൺസ്യുമർഫെഡിന് കൊഴിഞ്ഞാമ്പാറ, പാലക്കാട്, മുണ്ടൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലായി നാല് ഔട്ട്െലറ്റുകളുണ്ട്. കഴിഞ്ഞ തവണ ഓണത്തിന് 14.83 കോടിയുടെ വിൽപനയായിരുന്നു. ഇത്തവണ 12.80 കോടി രൂപയുടെ വർധനയുണ്ടായി. ഒറ്റദിവസം ഏറ്റവും കൂടുതൽ വിൽപന നടന്നത് പട്ടാമ്പി കൊപ്പം ഔട്ട്ലെറ്റിലാണ്. ഉത്രാടനാളിൽ മാത്രം ഇവിടെ 80.59 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. മദ്യത്തിന് വില കൂടിയത് വരുമാനം വർധിപ്പിച്ചതായി അധികൃതർ പറയുന്നു.