ബംഗളൂരു: കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള ഓണക്കാല അവധിത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ ട്രാക്കിലിറക്കുന്നത് 32 സ്പെഷൽ സർവിസുകൾ.
കൊച്ചുവേളിയിലേക്കും എറണാകുളത്തേക്കുമായാണ് ബംഗളൂരുവിൽനിന്ന് ഇത്രയും സ്പെഷൽ സർവിസുകൾ റെയിൽവേ നടത്തുന്നത്. എസ്.എം.വി.ടിയിൽനിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും 13 സർവിസുകൾ വീതവും ഹുബ്ബള്ളിയിൽനിന്ന് ബംഗളൂരു വഴി കൊച്ചുവേളിയിലേക്കും തിരിച്ചും ഓരോ സർവിസ് വീതവും എറണാകുളം – യെലഹങ്ക -എറണാകുളം റൂട്ടിൽ നാല് സർവിസുകളുമാണ് തിരക്ക് കണക്കിലെടുത്ത് റെയിൽവേ നടത്തുന്ന സ്പെഷൽ സർവിസുകൾ. കർണാടക, കേരള ആർ.ടി.സികൾ സ്പെഷൽ സർവിസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ടിക്കറ്റുകളെല്ലാം ഉടൻതന്നെ തീർന്നിരുന്നു.
പ്രതിദിന ട്രെയിനുകളായ കെ.എസ്.ആർ ബംഗളൂരു -കന്യാകുമാരി എക്സ്പ്രസ്, മലബാറിലേക്ക് ഷൊർണൂർ വഴിയുള്ള ഏക പ്രതിദിന ട്രെയിനായ യശ്വന്ത്പുർ -കണ്ണൂർ എക്സ്പ്രസ് തുടങ്ങിയവയിലെല്ലാം വെയ്റ്റിങ് ലിസ്റ്റ് 280ന് മുകളിലാണ്.
ടിക്കറ്റ് കിട്ടാത്ത നിരവധി പേർ കാർ പൂളിങ് അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചും മൂന്നും നാലും ഇരട്ടി തുക നൽകി സ്വകാര്യ ബസുകളിലുമെല്ലാമാണ് നാട്ടിലെത്താൻ ശ്രമിക്കുന്നത്. സ്പെഷൽ സർവിസുകളില്ലാത്ത മലബാറിലെ യാത്രക്കാർക്ക് ഇത്തവണയും യാത്രാദുരിതം ബാക്കിയാണ്.