തിരുവനന്തപുരം: കേരളത്തിൽ തുലാവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം(തെക്കുപടിഞ്ഞാറൻ മൺസൂൺ)കഴിഞ്ഞ ദിവസം പിൻവാങ്ങിയിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കുന്ന കാലയളവിലെ മഴയാണ് തുലാവർഷം(വടക്കു കിഴക്കൻ മൺസൂൺ).
കാലവർഷത്തിന്റെ ഭാഗമായ മേഘങ്ങളും കാറ്റും കൊണ്ടുവരുനന മഴ അടുത്ത 10 ദിവസം കേരളത്തിൽ സജീവമായുണ്ടാകും. എന്നാൽ ഈ മഴ തുലാവർഷത്തിന്റെ കണക്കിലാണ് വരിക. ഇന്ത്യയിൽ നിന്ന് കാലവർഷം പൂർണമായി പിൻവാങ്ങിയാൽ മാത്രമേ തുലാവർഷം എത്തുകയുള്ളു. കേരളത്തിൽ നിന്നാണ് ഏറ്റവും അവസാനമായി കാലവർഷം പിൻവാങ്ങുക. ഒക്ടോബർ പകുതിയെങ്കിലും ആകുമ്പോഴേ തുലാവർഷം കേരളത്തിൽ എത്തൂ എന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.
തുലാവർഷത്തിൽ കേരളത്തോടൊപ്പം കര്‍ണാടകയുടെ തെക്കുകിഴക്കന്‍ മേഖലയിലും തെക്കന്‍ കര്‍ണാടകയിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കും.തമിഴ്നാട്, പുതുച്ചേരി, തീരദേശ ആന്ധ്രാപ്രദേശ്, രായലസീമ, കേരളം, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക തുടങ്ങിയ കാലാവസ്ഥാ സബ് ഡിവിഷനുകളിലാണ് തുലാവര്‍ഷം മഴ നല്‍കുന്നത്. ഈ ഡിവിഷനുകളിലെല്ലാം തന്നെ സാധാരണ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
കേരളത്തില്‍ സാധാരണ തുലാവര്‍ഷത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ 112 ശതമാനം അധിക മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം ഒക്ടോബറിൽ ഇന്ത്യയിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. രാത്രിയിലും താപനില വർധിക്കും.