ഏഷ്യാ കപ്പ് വിജയത്തില്‍ ‘ടീം ഇന്ത്യ’ യെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

news image
Sep 18, 2023, 4:52 am GMT+0000 payyolionline.in

ദില്ലി: ഏഷ്യാ കപ്പ് കിരീടനേട്ടത്തില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് കിരീടം നേടിയ ചിത്രം ബിസിസഐ പങ്കുവെച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് പ്രധാനമന്ത്രി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചത്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന വാദങ്ങള്‍ക്കിടെ ഇന്ത്യന്‍ ടീമിനെ ടീം ഇന്ത്യ എന്നു തന്നെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത് എന്നതും ശ്രദ്ധേയമാണ്. വെല്‍ പ്ലേയ്‌ഡ് ടീം ഇന്ത്യ, ഏഷ്യാ കപ്പ് ജയത്തില്‍ അഭിനന്ദനങ്ങള്‍. ടൂര്‍ണമെന്‍റില്‍ മുഴുവന്‍ നമ്മുട കളിക്കാര്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും പ്രധാനമന്ത്രി എക്സിലെ അഭിനന്ദന പോസ്റ്റില്‍ കുറിച്ചു.

ഏഷ്യാ കപ്പില്‍ പത്ത് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യന്‍ ടീം കീരിടം നേടുന്നത്. ഇന്നലെ കൊളംബോയില്‍ നടന്ന ഫൈനലില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യ ലങ്കയെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിന് ഓള്‍ ഔട്ടായി. 21 റണ്‍സ് മാത്രം വഴങ്ങിയ ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്.

 

 

മറുപടി ബാറ്റിംഗില്‍ 6.1 ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. 27 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സോടെ ഇഷാന്‍ കിഷനും പുറത്താകാതെ നിന്നു. ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 263 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ ഇന്നലെ ജയിച്ചു കയറിയത്. 2001ല്‍ കെനിയക്കെതിരെ 231 പന്തുകള്‍ ബാക്കിയാക്കി ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ വമ്പന്‍ ജയം. ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ഇന്ത്യ പത്ത് വിക്കറ്റ് വിജയം നേടുന്നത് ഇത് മൂന്നാം തവണയാണ്. 1998ല്‍ ഷാര്‍ജയില്‍ സിംബാബ്‌വെക്കെതിരെയും 2003ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെയുമായിരുന്നു ഫൈനലുകളില്‍ ഇതിന് മുമ്പ് ഇന്ത്യ 10 വിക്കറ്റ് വിജയം നേടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe