ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കും: മുഖ്യമന്ത്രി

news image
Aug 7, 2023, 4:54 am GMT+0000 payyolionline.in

തിരുവനന്തപുരം> ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയുടെ അനുശോചന പ്രസംഗത്തില്‍ വ്യക്തമാക്കി.

ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ ആവര്‍ത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ പൂര്‍ത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട 12 തവണകളില്‍ ഒരു തവണ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. 53 വര്‍ഷക്കാലത്തോളം നിയമസഭാ സാമാജികനായി തുടരുക. ഇതൊക്കെ ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം പേര്‍ക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂര്‍വം നിയമസഭാ സാമാജികരുടെ നിരയിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളില്‍ അദ്ദേഹം നേടിയ വിജയത്തിന്റെ തെളിവാണ്.

1970 ല്‍ ഞാനും ഉമ്മന്‍ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗങ്ങളായത്. എന്നാല്‍, ഞാന്‍ മിക്കവാറും വര്‍ഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവര്‍ത്തനരംഗത്തായിരുന്നു. ഇടയ്‌ക്കൊക്കെ സഭയിലും. എന്നാല്‍, ഉമ്മന്‍ചാണ്ടി ആദ്യം സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ക്കിങ്ങോട്ട് എന്നും ഈ സഭയിലെ അംഗമായിതന്നെ തുടര്‍ന്നു. പല കോണ്‍ഗ്രസ് നേതാക്കളും  കെ കരുണാകരനും എ കെ ആന്റണിയുമടക്കം  പാര്‍ലമെന്റംഗങ്ങളായും മറ്റും പോയിട്ടുണ്ട്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരള നിയമസഭയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഈ സഭ വിട്ടുപോയതുമില്ല. കേരളജനതയോടും കേരള നിയമസഭയോടും അദ്ദേഹത്തിനുണ്ടായിരുന്ന  ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായപ്പോഴും അദ്ദേഹം കേരളത്തില്‍ കേന്ദ്രീകരിച്ചു തന്നെ പ്രവര്‍ത്തിക്കാനിഷ്ടപ്പെട്ടു. കേരളം വിട്ടുപോവാത്ത മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.

എഴുപതുകളുടെ തുടക്കത്തില്‍ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ  ശ്രദ്ധിക്കപ്പെട്ടിരുന്നു. ലെജിസ്ലേച്ചറിലും എക്‌സിക്യൂട്ടീവിലുമായി അവരില്‍ മറ്റാരേക്കാളും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉമ്മന്‍ചാണ്ടിക്കു ലഭിച്ചു. മൂന്നുവട്ടം മന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴില്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. മുഖ്യമന്ത്രിയായും അതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനം ചെയ്തു. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം; ശ്രദ്ധേയനായ നിയമസഭാ സാമാജികനും.

ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതല്‍ക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയില്‍ സജീവ സാന്നിധ്യമായി ഉമ്മന്‍ചാണ്ടി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. അക്കാലയളവില്‍ ഉടനീളം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃനിര്‍ണയ കാര്യങ്ങളിലടക്കം നിര്‍ണായകമാംവിധം ഇടപെട്ടിട്ടുണ്ട് ഉമ്മന്‍ചാണ്ടി. ഇളം പ്രായത്തിലേ പൊതുരംഗത്തേക്കു കടന്നുവന്നയാളാണ് അദ്ദേഹം. ബാലജനസഖ്യത്തിലൂടെ, കെ എസ് യുവിലൂടെ കടന്നുവന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും പൊതുരംഗത്തും അദ്ദേഹം നിറഞ്ഞുനിന്നു.

രാഷ്ട്രീയമായി ഇരുചേരികളില്‍ നില്‍ക്കുമ്പോഴും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവുമുണ്ടായിരുന്നില്ല. 2016 ല്‍ മുഖ്യമന്ത്രിയാകണമെന്ന് എല്‍ ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി നിശ്ചയിച്ചതിനെ തുടര്‍ന്ന് ഞാന്‍ ആദ്യം പോയി സന്ദര്‍ശിച്ചത് അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ആയിരുന്നു. രണ്ടു തവണ ഈ സഭയുടെ നാഥനായിരുന്ന അദ്ദേഹത്തില്‍ നിന്നും സഭയുടെ നടത്തിപ്പില്‍ ഉള്‍പ്പെടെ മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളത്.

കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് എന്നും ഉമ്മന്‍ചാണ്ടിയെ നയിച്ചത്. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്‍പിക്കാതെ ആരോഗ്യം പോലും നോക്കാതെ പൊതുമണ്ഡലത്തില്‍ വ്യാപരിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. രോഗാതുരനായ ഘട്ടത്തില്‍പ്പോലും ഏറ്റെടുത്ത കടമകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവര്‍ത്തനത്തോടുള്ള ഉമ്മന്‍ചാണ്ടിയുടെ ഈ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്.

കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ച, നാലാം നിയമസഭ മുതല്‍ ഇപ്പോഴത്തെ പതിനഞ്ചാം നിയമസഭ വരെ തുടര്‍ച്ചയായി കേരള നിയമസഭയുടെ അംഗമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേരള നിയമസഭയ്ക്കുള്ള അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും  മുഖ്യമന്ത്രി പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe