ആറ് സംസ്ഥാനങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; തമിഴ്നാട്ടിൽ പരിശോധന പത്തിടത്ത്

news image
Oct 11, 2023, 6:46 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ആറ് സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. ഡൽഹിയിൽ ഷഹീന്‍ബാഗ് ഉൾപ്പെടെ മൂന്നിടങ്ങളിലാണ് റെയ്ഡ്.  തമിഴ്നാട്ടിൽ പത്തിടങ്ങളിലാണ് പരിശോധന നടത്തുന്നത്.

മധുരയിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലും പരിശോധന നടത്തി. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമാണ് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയത്. ഡൽഹിയിൽ നിരവധി പേരെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തു. മുംബൈയിൽ വക്രോളി മേഖലയിലാണ് പരിശോധന നടക്കുന്നത്. 2006ലെ ട്രെയിൻ സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട് പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ട വാഹിദ് ഷെയ്ക്കിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് എൻഐഎ സംഘം പരിശോധനയ്ക്കായി എത്തിയത്.

രാജസ്ഥാനിലെ ടോങ്ക്, കോട്ട, ഗംഗാപുർ എന്നീ മേഖലകളിലാണ് പരിശോധന. തമിഴ്നാട്ടിൽ മധുര, ചെന്നൈ, ‍ഡിണ്ടിഗൽ, എന്നീ ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്. കേരളത്തിൽ പിഎഫ്ഐയുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലായി എൻഐഎ സംഘം വ്യാപക പരിശോധന നടത്തിയിരുന്നു. 2022 സെപ്റ്റംബർ 28നാണ് പിഎഫ്ഐയെ നിരോധിത സംഘടനയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. അതിനുപിന്നാലെയാണ് രാജ്യവ്യാപകമായ പരിശോധന ആരംഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe