അയോധ്യയിൽ കെ.എഫ്.സിക്ക് കട തുടങ്ങാം; എന്നാൽ ഒരു നിബന്ധനയുണ്ട് -നയം വ്യക്തമാക്കി യു.പി സർക്കാർ

news image
Feb 7, 2024, 10:00 am GMT+0000 payyolionline.in

 

ലഖ്നോ: തർക്കഭൂമിയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് ആഘോഷപൂർവം നടന്നുകഴിഞ്ഞു. ക്ഷേത്രത്തിനു സമീപം ഔട്‍ലറ്റ് തുടങ്ങാൻ യു.എസ് ആസ്ഥാനമായുള്ള കെന്റുക്കി ഫ്രൈഡ് ചിക്കന്(കെ.എഫ്.സി)അനുമതി നൽകാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ അധികൃതർ. എന്നാൽ അതിന് ഒരു നിബന്ധനയും മുന്നോട്ട് വെച്ചിട്ടുണ്ട്. വെജിറ്റേറിയൻ ഐറ്റങ്ങൾ മാത്രം വിൽക്കാൻ പറ്റുമെങ്കിൽ കട തുടങ്ങാമെന്നാണ് സർക്കാർ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

​​”അയോധ്യ-ലഖ്നോ ഹൈവേയിൽ കെ.എഫ്.സി അവരുടെ യൂനിറ്റ് തുടങ്ങിയിട്ടുണ്ട്. എന്നാൽ അവിടെ മാംസാഹാരങ്ങൾ വിൽക്കാൻ ഞങ്ങൾ അനുവദിക്കില്ല. അവർ സസ്യഭക്ഷണങ്ങൾ മാത്രം വിൽക്കാമെന്ന് സമ്മതിക്കുകയാണെങ്കിൽ ഞങ്ങൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യും.”-അയോധ്യയിലെ സർക്കാർ പ്രതിനിധിയായ വിശാൽ സിങ്ങിനെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട ചെയ്തു.

പഞ്ച് കോശി മാർഗിന് സമീപം മദ്യവും മാംസഭക്ഷണങ്ങളും വിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. അയോധ്യയിലെ ക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റിലും ഈ നിരോധനമുണ്ട്.

”വലിയ ഭക്ഷ്യവിതരണ ഔട് ലെറ്റുകളിൽ നിന്ന് ഞങ്ങൾക്ക് ഓഫർ ലഭിച്ചിട്ടുണ്ട്. അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. എന്നാൽ ഒരേയൊരു ഉപാധിയുണ്ട്. അവർ ഒരിക്കലും പാഞ്ച് കോശിക്ക് ഉള്ളിൽ മാംസഭക്ഷണം വിതരണം ചെയ്യരുത്.​​”-വിശാൽ പറഞ്ഞു. മാംസഭക്ഷണ നിരോധനത്തിന്റെ കാര്യത്തിൽ അയോധ്യ ഒറ്റപ്പെട്ട സംഭവമല്ല. ഹരിദ്വാറിലും സമാന രീതിയിൽ നിരോധനമുണ്ട്. തുടർന്ന് ഹരിദ്വാറിനു പുറത്തുള്ള ഹരിദ്വാർ-റൂർക്കി ഹൈവേയിലാണ് കെ.എഫ്.സി ഔട് ലെറ്റുള്ളത്.

രാമക്ഷേത്രം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഏപ്രിൽ 17 ഓടെ സന്ദർശകരുടെ എണ്ണം 10-12 ലക്ഷം കവിയുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇവിടെ 2020 കോടിയുടെ ടൂറിസം പദ്ധതികൾക്കാണ് യു.പി സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe