പയ്യോളി : ദേശീയപാതയിൽ അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപത്തെ വീട്ടിൽ നിന്ന് വീട്ടമ്മയുടെ കണ്ണുവെട്ടിച്ച് കള്ളൻ അഞ്ചര പവന്റെ സ്വര്‍ണ്ണാഭരണം കവര്‍ന്നു. പരേതനായ തെക്കയില്‍ കൃഷ്ണന്റെ ഭാര്യ കമലയുടെ അഞ്ചര പവന് മാലയാണ് മോഷ്ടാവ് കൊണ്ടുപോയത്.
ഞായറാഴ്ച രാവിലെ ആറിനും ഏഴരക്കും ഇടയിലാണ് സംഭവം. രാവിലെ അടുക്കള ജോലിയില്‍ ഏര്‍പ്പെട്ട കമല മുന്‍വശത്തെ വാതില്‍ ചാരിവെച്ചതായിരുന്നു. തുടര്‍ന്നു മകന്റെ കിടപ്പ് മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് കമലയുടെ കിടപ്പുമുറിയിലെ ബെഡിന് അരികില്‍ സൂക്ഷിച്ച മാല മോഷണം പോയത് അറിയുന്നതു. സംഭവത്തിനിടയില്‍ ചുവപ്പ് ബനിയനും കള്ളിലുങ്കിയും ധരിച്ച ഒരാള്‍ വീടിന്റെ വഴിയിലൂടെ നടന്നു പോകുന്നത് കണ്ടതായി വീട്ടുകാര്‍ പറഞ്ഞു. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.