കൊച്ചി: ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികളെ ‘രേഖ’യിലാക്കാൻ തൊഴിൽ വകുപ്പ്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാനക്കാരെ നിയമവിധേയമാക്കാനാണ് തൊഴിൽ വകുപ്പിന്റെ നീക്കം. ഇതിനായി സർക്കാർ പ്രഖ്യാപിച്ച അതിഥി പോർട്ടലിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് മൂവായിരത്തിലധികം അന്തർ സംസ്ഥാനക്കാരാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം അന്തർ സംസ്ഥാനക്കാർ പ്രവർത്തിക്കുന്ന ജില്ലയാണ് എറണാകുളം. എന്നാൽ, ഇവരുടെ എണ്ണം സംബന്ധിച്ച് യാതൊരു ഔദ്യോഗിക രേഖകളോ വിവരങ്ങളോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയോ തൊഴിൽ വകുപ്പിന്റെയോ കൈവശമില്ല.
പെരുമ്പാവൂരിലെ ദലിത് നിയമ വിദ്യാർഥിനിയുടെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അന്തർ സംസ്ഥാനക്കാരുടെ വിവരശേഖരണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ ആവാസിൽ ഏറ്റവും അധികം തൊഴിലാളികൾ രജിസ്റ്റർ ചെയ്തത് ജില്ലയിലാണ്. 1.15 ലക്ഷം പേർ. പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ നിലവിൽ ആശ്രയിക്കുന്നത് ആവാസിനെയാണ്. എന്നാൽ, കോവിഡും മറ്റു സാങ്കേതിക പ്രശ്നങ്ങളും മൂലം പദ്ധതി നിലച്ചതോടെ ഇത് ലക്ഷ്യത്തിലെത്തിയില്ല. നിലവിൽ തൊഴിൽ വകുപ്പിന്റെ കൈവശമുള്ള ഔദ്യോഗിക രേഖകൾ പ്രകാരം ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുത്ത അന്തർ സംസ്ഥാനക്കാർ 1,19,621 പേരാണ്.
എന്നാൽ, രണ്ടാം ഡോസെടുത്തവരുടെ എണ്ണം 65, 392 ആയി ചുരുങ്ങി. അന്തർ സംസ്ഥാനക്കാർക്കായി കോവിഡ് കാലത്ത് തൊഴിൽ വകുപ്പ് നൽകിയ കോവിഡ് കിറ്റ് ഏറ്റുവാങ്ങിയവരുടെ എണ്ണം 64, 325 ആണ്. എന്നാൽ, അനൗദ്യോഗിക കണക്കനുസരിച്ച് ഏകദേശം രണ്ടര ലക്ഷത്തോളം അന്തർ സംസ്ഥാനക്കാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.
തൊഴിൽ വകുപ്പ് കണക്കുപ്രകാരം പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലകളിലെ പ്ലൈവുഡ് കമ്പനികളും മറ്റ് നിർമാണ മേഖലകളും കേന്ദ്രീകരിച്ചാണ് ഇവരിൽ കൂടുതൽ പേരുടെയും പ്രവർത്തനം. ആലുവയിലെ പിഞ്ചുബാലികയുടെ ക്രൂര കൊലപാതകത്തെ തുടർന്നാണ് അന്തർ സംസ്ഥാനക്കാരുടെ രേഖകൾ ശേഖരിക്കുന്നതിനും രജിസ്ട്രേഷൻ കാര്യക്ഷമമാക്കുന്നതിനും സർക്കാർ തീരുമാനിച്ചത്.
തൊഴിലാളി രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി അതിഥി മൊബൈൽ ആപ്പും അടുത്ത ദിവസങ്ങളിൽ പുറത്തിറക്കും. ഇത് നിലവിൽ വരുന്നതോടെ അന്തർ സംസ്ഥാന തൊഴിലാളികൾക്കും കരാറുകാർക്കും തൊഴിലുടമകൾക്കും മൊബൈൽ വഴി രജിസ്ട്രേഷൻ നടത്താൻ കഴിയും.
പരിശീലന നടപടി പൂർത്തിയാക്കി ജില്ല
രജിസ്ട്രേഷൻ നടപടികൾക്കായി തൊഴിലുടമകൾക്കും കരാറുകാർക്കും താലൂക്ക് തലത്തിൽ തൊഴിൽ വകുപ്പ് പരിശീലനം നൽകി കഴിഞ്ഞു. വകുപ്പിന്റെ ഓഫിസുകൾ കേന്ദ്രീകരിച്ച് ഫെസിലിറ്റേഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളും തൊഴിലിടങ്ങളും കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി നിർദേശങ്ങൾ നൽകുന്നുണ്ട്. ഇതോടൊപ്പം തൊഴിലുടമകൾക്കും ക്യാമ്പ് ഉടമകൾക്കും രജിസ്ട്രേഷൻ സംബന്ധിച്ച് നോട്ടീസുകളും നൽകിയിട്ടുണ്ട്.
സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ ക്യാമ്പുകളടക്കം സംഘടിപ്പിക്കാനാണ് തീരുമാനം. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ നൽകേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിലും നിർദേശങ്ങൾ ലഭ്യമാണ്. പോർട്ടലിൽ നൽകിയ വിവരങ്ങൾ എൻറോളിങ് ഓഫിസർ പരിശോധിച്ച് തൊഴിലാളിക്ക് ഒരു യുനീക് ഐ.ഡി അനുവദിക്കുന്നതോടെയാണ് രജിസ്ട്രേഷൻ നടപടി പൂർത്തിയാകുക.
നടപടി ഊർജിതമാക്കും- ജില്ല ലേബർ ഓഫിസർ
രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ഊർജിതമാക്കുമെന്ന് ജില്ല ലേബർ ഓഫിസർ പി.ജി. വിനോദ്കുമാർ ‘പറഞ്ഞു. നിലവിൽ രജിസ്ട്രേഷൻ നടപടികൾക്ക് ജില്ലയിൽ ക്രിയാത്മക പ്രതികരണമാണ് ലഭിക്കുന്നത്. ഇക്കാര്യത്തിൽ തൊഴിലുടമകളുടെയും കരാറുകാരുടെയും സഹകരണം ഉറപ്പാക്കും. ഇതിനാവശ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.