മിഷൻ ചക്കക്കൊമ്പൻ താത്കാലികമായി അവസാനിപ്പിച്ചു

news image
Nov 28, 2026, 1:44 am GMT+0000 payyolionline.in

ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തിയ കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനായുള്ള ദൗത്യം മൂന്നാം ദിവസവും നിർത്തിവെച്ചു. വൈകിട്ട് 4 മണിക്ക് മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാത്ത ആന, ജലാശയത്തിലേക്ക് ഇറങ്ങിയത് അര മണിക്കൂറോളം ദൗത്യസംഘത്തെ ആശങ്കയിലാക്കി. തുടർന്ന് കരയ്ക്ക് കയറിയ ആന, അക്രമാസക്തനായി ദൗത്യ സംഘത്തിന് നേരെയും തിരിഞ്ഞു. ഉൾക്കാട്ടിലേക്ക് കയറ്റി വെടി വയ്ക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ ശ്രമമെങ്കിലും വെളിച്ചക്കുറവ് പ്രതിസന്ധിയായതോടെ ദൗത്യം നിർത്തിവെക്കാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ദൗത്യം ഉണ്ടാകില്ലന്ന് സിസിഎഫ് അറിയിച്ചു.

അതേസമയം, ചക്കക്കൊമ്പനെ ഇന്ന് പുലർച്ചെ മുതൽ വനം വകുപ്പ് നിരീക്ഷിക്കും. ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയുകയാണ് ലക്ഷ്യം. ആനയെ അക്രമകാരിയായാണ് കാണുന്നത്. ജനവാസ മേഖലയിലേക്ക് കടക്കാൻ ശ്രമിച്ചാൽ വഴി തിരിച്ച് വിടും. ഇനി അടുത്ത ചക്കക്കൊമ്പൻ ദൗത്യം രണ്ടാം ഘട്ടം ജനുവരിയോടെ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്നും വനംവകുപ്പ് അറിയിച്ചു.

അതേസമയം, ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൗത്യം തത്കാലികമായി തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിലെ സാങ്കേതിക പിഴവുകൾ തിരുത്തി നൽകാൻ കോടതി നിർദ്ദേശിച്ചു. സംഘടനയുടെ രജിസ്ട്രേഷൻ നമ്പർ സീലിൽ ഇല്ലാത്തതടക്കം ഹർജിയിൽ നിരവധി പിഴവുകളുണ്ടായിരുന്നു. ഇക്കാര്യം പരിഹരിച്ച് ഹർജി ഫയൽ ചെയ്യാൻ നിർദ്ദേശിച്ച കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാനും തീരുമാനിച്ചു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിയ, ജസ്റ്റിസ് ഫോർ സിറ്റിസൺ എന്നീ സംഘടനകളാണ് ഹർജി നൽകിയത്. ആനയെ ശാസ്ത്രീയമായല്ല മയക്കുവെടി വയ്ക്കുന്നതെന്നും അരിക്കൊമ്പന്റെ നിലവിലെ സ്ഥിതി വനംവകുപ്പ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe