തിരുവനന്തപുരം: വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇടയിലുള്ള ഭിന്നതയ്ക്കിടെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈദ്യുതി വിവാദത്തിൽ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടലുകളിൽ മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി കരാർ വിവാദം മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും. വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണവും ഇന്നുണ്ടാകും.
GNA-യിൽ നിന്ന് വൈദ്യുതി വാങ്ങാനുളള നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറിയതോടെ രാഷ്ട്രീയ വിജയമാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം ആരോപണം മുറുക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് താൽപര്യമെടുത്ത വൈദ്യുതി വാങ്ങലിന് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ടെന്ന് പ്രതിപക്ഷം സംശയിക്കുന്നു. വൻകൊളളയ്ക്കുളള നീക്കമാണ് നടന്നത്. ഇല്ലാത്ത വൈദ്യുതി ക്ഷാമം ഉണ്ടെന്ന് പ്രചരിപ്പിച്ച് വൈദ്യുതി വാങ്ങാനുളള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറിയതോടെ തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്നാണ് പ്രതിപക്ഷം കരുതുന്നത്. വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുളള നീക്കം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
