ടിക്കറ്റ് ഹരിപ്പാട്ടേക്ക്, ഇറക്കിവിട്ടത് ആലപ്പുഴയിൽ; വിദ്യാർത്ഥിനിയെ പാതിവഴിയിലുപേക്ഷിച്ച് കെഎസ്ആർടിസി, രാത്രി സ്റ്റാൻഡിൽ കാത്തുനിന്നത് 2 മണിക്കൂർ

news image
Nov 9, 2026, 11:45 am GMT+0000 payyolionline.in

ആലപ്പുഴ: എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത് കെഎസ്ആർടിസി ബസിൽ ഒറ്റയ്ക്ക് യാത്രചെയ്ത ബി കോം ഒന്നാംവർഷ വിദ്യാർത്ഥിനിയെ രാത്രി പാതിവഴിയിലിറക്കിവിട്ടതായി പരാതി. പന്തളം സ്വദേശിനിക്കാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഈ കടുത്ത ദുരനുഭവമുണ്ടായത്. നവംബർ ഏഴിന് രാത്രി 8.30-ഓടെ ആർപിസി 332 നമ്പർ ബസ് ആലപ്പുഴയിലെത്തിയപ്പോൾ സർവീസ് അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ജീവനക്കാർ യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്താൻ പെൺകുട്ടിക്ക് യാതൊരു ബദൽ യാത്രാസൗകര്യവും ഇവർ ഒരുക്കിയില്ല. ബസ് സ്റ്റാൻഡിൽ ഒറ്റയ്ക്ക് രണ്ടുമണിക്കൂറോളം കാത്തുനിന്ന പെൺകുട്ടിയെ ഒടുവിൽ മാതാപിതാക്കൾ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇതിനുശേഷം ആലപ്പുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിക്കാൻ തയ്യാറായില്ല. പിറ്റേദിവസം രാവിലെ പത്തിന് എത്താനായിരുന്നു സ്റ്റേഷൻ മാസ്റ്ററുടെ മറുപടി. സംഭവമറിഞ്ഞ പന്തളത്തെ ഒരു പൊതുപ്രവർത്തകൻ ബസ് ചേർത്തല ഡിപ്പോയുടേതാണെന്ന് കണ്ടെത്തി അവിടുത്തെ അധികൃതരുമായി ബന്ധപ്പെട്ടു. റോഡിലെ തിരക്കുമൂലമാണ് സർവീസ് ആലപ്പുഴയിൽ അവസാനിപ്പിച്ചതെന്നും ബസ് ഡിപ്പോയിൽ തിരിച്ചെത്തിയെന്നും ജീവനക്കാർ മടങ്ങിയെന്നുമായിരുന്നു ആദ്യ മറുപടി. എന്നാൽ, വിദ്യാർത്ഥിനിയെ പാതിവഴിയിലിറക്കിവിട്ട നിരുത്തരവാദപരമായ നടപടി ചോദ്യംചെയ്തതോടെ ബസിന് തകരാർ സംഭവിച്ചെന്നായി തിരുത്തി. ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആലപ്പുഴയിലെ സ്റ്റേഷൻ മാസ്റ്റർ സ്വീകരിച്ചതെന്നും ചേർത്തല ഡിപ്പോയിൽനിന്നുള്ള വിശദീകരണങ്ങൾ തമ്മിലുള്ള പൊരുത്തക്കേട് അന്വേഷണവിധേയമാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

യാത്രക്കാരിൽനിന്ന് ടിക്കറ്റ് തുക ഈടാക്കിയശേഷം യാത്രാസൗകര്യം ഒരുക്കാതെ ജീവനക്കാർ മടങ്ങിയത് കടുത്ത അനാസ്ഥയാണ്. ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മാനസിക ബുദ്ധിമുട്ട് നേരിട്ട പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കുടുംബം വനിതാ ശിശുക്ഷേമ, യുവജന, ഗതാഗത വകുപ്പുകളിലും പരാതി നൽകിയിട്ടുണ്ട്. ഗതാഗത മന്ത്രിക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe